കല്ലമ്പലം: ബസിൽ കയറുന്നതിനിടെ വീണ് വിദ്യാർത്ഥിനിക്ക് തലയ്ക്ക് പരിക്കേറ്റു. ഞെക്കാട് ഗവ. വി.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പുതുശ്ശേരിമുക്ക് എസ്.എസ് ഭവനിൽ പ്രീതിക്കാണ് പരിക്കേറ്റത്. സംഭവ ശേഷം ബസ് നിറുത്താതെ പോയത് വൻ പ്രതിഷേധത്തിനിടയാക്കി. പരിക്കേറ്റ പ്രീതി വർക്കല സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ ബാലസുബ്രമണ്യൻ ബസിലായിരുന്നു സംഭവം. പരിക്കേറ്റ പ്രീതിയും ചേച്ചി ശ്രുതിയും ഒരുമിച്ചാണ് ബസിൽ കയറിയത്. എന്നാൽ തിരക്കിനിടയിൽ അനുജത്തി ബസിൽ ഇല്ലെന്നറിയുന്നത് കല്ലമ്പലത്തെത്തിയപ്പോഴായിരുന്നു. തുടർന്ന്‍ കുട്ടികൾ ഫോൺവിളിച്ചന്വേഷിച്ചപ്പോഴാണ് അപകട വിവരം അറിയുന്നത്. ഇവരുടെ പിതാവെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ബസിന്റെ ഡോറിൽ ഒരു കാൽ വച്ചപ്പോഴേക്കും ഡബിൾ ബെൽ അടിച്ച് ബസ് മുന്നോട്ടെടുത്തതോടെ കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. പിറകിൽ നിന്നും മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ സ്കൂൾ അധികൃതരും കുട്ടിയുടെ പിതാവും കല്ലമ്പലം പൊലീസിൽ പരാതി നൽകി.