cpm

തിരുവനന്തപുരം: ഇടതു ശക്തികേന്ദ്രമായ അരൂരിലേറ്റ അപ്രതീക്ഷിത തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കാൻ സി.പി.എം തീരുമാനം. അഞ്ച് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും വിലയിരുത്താനായി അതത് ജില്ലാ, മണ്ഡലം കമ്മിറ്റികൾ ഉടൻ ചേരും. കമ്മിറ്റികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സമിതി വിശദമായ ചർച്ച നടത്തും.

തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേരുന്ന അരൂർ മണ്ഡലം കമ്മിറ്റിയും ആലപ്പുഴ ജില്ലാ കമ്മിറ്റിയും തോൽവിയുടെ കാരണങ്ങൾ മുൻവിധികളില്ലാതെ പരിശോധിക്കണമെന്ന് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചു.

അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരായി മന്ത്രി ജി. സുധാകരൻ നടത്തിയ പൂതന പരാമർശവും റോഡ് പണി തടഞ്ഞതിന് അവർക്കെതിരെ കേസെടുത്തതും വോട്ടെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. സ്ഥാനാർത്ഥി നിർണയത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ സംഘടനാപരമായ പാളിച്ചയുണ്ടായതായി പരാതിയുയർന്നിരുന്നു. ചില നേതാക്കൾ വേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെന്ന ആക്ഷേപവുമുയർന്നു. ഇതെല്ലാം പരിശോധിക്കും. തീരദേശത്ത് വോട്ട് കുറഞ്ഞത് പരിശോധിക്കണമെന്ന് മന്ത്രി ജി. സുധാകരൻ തന്നെ ഇന്നലെ ദൃശ്യമാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

കോന്നി, വട്ടിയൂർക്കാവ് : മിന്നുന്ന നേട്ടം

വട്ടിയൂർക്കാവിലും കോന്നിയിലുമുണ്ടായത് തിളക്കമാർന്ന വിജയമാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തേക്ക് പോയ വട്ടിയൂർക്കാവിലാണ് ഇപ്പോൾ പതിനയ്യായിരത്തിനടുത്ത ഭൂരിപക്ഷത്തോടെ വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപതിനായിരത്തിൽപ്പരം വോട്ടുകൾക്ക് യു.ഡി.എഫ് ജയിച്ച കോന്നിയിലും പതിനായിരത്തോളം വോട്ടിന് വിജിക്കാനായി. കഴിഞ്ഞതവണ മുപ്പതിനായിരത്തിൽപ്പരം വോട്ടുകൾക്ക് യു.ഡി.എഫ് മുന്നിലെത്തിയ എറണാകുളത്ത് ലീഡ്നില നാലായിരത്തിൽ താഴെയായി കുറയ്ക്കാനായതും നേട്ടമാണ്. എറണാകുളവും മഞ്ചേശ്വരവും പാർട്ടി പ്രതീക്ഷിച്ച മണ്ഡലങ്ങളല്ല. പക്ഷേ, സിറ്റിംഗ് സീറ്രായിരുന്ന അരൂരിലേത് അങ്ങനെയല്ലെന്നതിനാലാണ് തോൽവിയെ ഗൗരവമായി കാണുന്നത്.