നെടുമങ്ങാട്: ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഒരു നിർദ്ധനകുടുംബത്തെ കൈപിടിച്ചുയർത്തുകയാണ് വെള്ളനാട് ഗവ. എൽ.പി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും. തങ്ങളുടെ കളിക്കൂട്ടുകാരനായ രണ്ടാം ക്ലാസുകാരന്റെ പഠനം നിലച്ചുപോകാതിരിക്കാൻ അവർ തുടങ്ങി വച്ച കർമ്മധീരത ഒരു നാടാകെ നെഞ്ചേറ്റിയപ്പോൾ കുടുംബത്തിന് തലചായ്ക്കാൻ സ്വന്തമായി ഒരുപിടി മണ്ണും അവിടെ കിളിക്കൂട് പോലൊരു വീടും ഉയർന്നു.

രണ്ടാം ക്ലാസുകാരൻ മനുവിന്റെ ആത്മ നൊമ്പരമാണ് സഹപാഠികളും സ്‌കൂൾ അധികൃതരും ഏറ്റെടുത്തത്. വിദ്യാലയ പ്രവേശന വേളയിൽ മനുവിന്റെ അമ്മ ബിന്ദു തങ്ങളുടെ ജീവിതത്തിനെക്കുറിച്ച് നടത്തിയ തുറന്നു പറച്ചിലുകൾ നാട്ടുകാരുടെ കണ്ണ് തുറപ്പിക്കുകയായിരുന്നു. മകനെ തുടർന്ന് പഠിപ്പിക്കാൻ കഴിയില്ലെന്ന് വെളിപ്പെടുത്തിയ ബിന്ദുവിനെ ആശ്വസിപ്പിച്ച്, സ്‌കൂൾ അധികൃതർ വീടു തേടി എത്തി. ആരുടെയോ റബർ തോട്ടത്തിനോടു ചേർന്ന് ഏതു നിമിഷവും നിലംപൊത്തുമെന്ന നിലയിലുള്ള മൺചുമരുകളിൽ പ്ലാസ്റ്റിക്കു കൊണ്ടു മേൽക്കൂര മൂടിയ ഒരു ഷെഡിലാണ് മനുവും കുടുംബവും താമസിക്കുന്നത്. തിമിര ബാധയ്ക്കുള്ള ചികിത്സ സമയത്തിനു ലഭിക്കാത്തതിനാൽ ഇരു കണ്ണുകൾക്കും കാഴ്ച നഷ്ടപ്പെട്ട അമ്മൂമ്മയും കാൻസർ ബാധിച്ച് മരിച്ച മനുവിന്റെ വല്ല്യമ്മയുടെ മകളും ഇവർക്കൊപ്പമാണ് താമസം. സ്വന്തമായി വസ്തുവോ വീടോ ഇവർക്കില്ല. കൃത്യമായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ സർക്കാർ സഹായങ്ങളും ത്രിതല പഞ്ചായത്തുകളുടെ ആനുകൂല്യങ്ങളും ലഭ്യമാകുന്നതിനും തടസമായി. ഇതേത്തുടർന്നാണ് മനുവിന്റെ കടുംബത്തിന് ഒരു വീട് ഒരുക്കുന്നതിന് സ്കൂൾ അധികാരികളും കുട്ടികളും ഇറങ്ങിത്തിരിച്ചത്.

പലരുടേയും സഹായത്താൽ നെടിയവിള പാറാംകുഴി ഭാഗത്ത് മൂന്ന് സെന്റ് വസ്തു വാങ്ങി അതിൽ 470 സ്ക്വയർ ഫീറ്റിൽ ഒരു വീടു നിർമ്മിച്ചു. സ്കൂൾ രക്ഷാകർതൃ സമിതിക്കും അദ്ധ്യാപകർക്കുമൊപ്പം വിദ്യാർത്ഥികളും തങ്ങളുടെ കൂട്ടുകാരനു വീട് പണിയാൻ രംഗത്തിറങ്ങി. എന്നാൽ കൊച്ചുകൂട്ടുകാരുടെ സഹായങ്ങൾക്കും അപ്പുറം വീടിന്റെ നിർമ്മാണം പൂർത്തിയാകാൻ ഇനിയും തുക വേണ്ടിവരും. സന്മനസുള്ളവരുടെ സഹായത്തിനായി ഫോൺ : 9495311976, 9496568585.