cooperative-apex-firms

തിരുവനന്തപുരം : സഹകരണ അപ്പക്‌സ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സിക്ക് കൈമാറി 24 വർഷം പിന്നിട്ടിട്ടും പകുതിയിലേറെയിടത്തും സ്‌പെഷ്യൽ റൂൾ തയ്യാറാക്കാതെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെയും പിൻവാതിൽ നിയമനം തുടരുന്നു.

അപ്പക്സ് സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിന് എൽ.ഡി ക്ലാർക്ക് തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയുടെ സാദ്ധ്യതാപട്ടിക പുറത്തിറങ്ങാനിരിക്കെയാണിത്. ഇഷ്ടക്കാരെ നിയമിക്കാൻ വേണ്ടിയാണ് സ്പെഷ്യൽ റൂൾ തയ്യാറാക്കാനോ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനോ ശ്രമിക്കാത്തതെന്നാണ് ആരോപണം. ഈ സ്ഥാപനങ്ങളിൽ ലാസ്റ്റ് ഗ്രേഡ്, ക്ലാർക്ക്, ജൂനിയർ അസിസ്റ്റന്റ്,​ കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികകളിലൊക്കെ പിൻവാതിൽ നിയമനം നടക്കുന്നുണ്ട്.

1995 ൽ എ.കെ.ആന്റണി മുഖ്യമന്ത്രിയായപ്പോഴാണ് അപ്പക്സ് ബാങ്കുകളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടത്. ഇതുവരെ എട്ടു സ്ഥാപനങ്ങളിൽ മാത്രമാണ് നിയമനം പി.എസ്.സി മുഖാന്തരം നടത്തുന്നത്. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിലെ ജൂനിയർ അസിസ്റ്റന്റ്, അഗ്രികൾച്ചറൽ ഓഫീസർ തസ്തികയിലേക്ക് വിജ്ഞാപനം ഉടനുണ്ടാകുമെന്ന് വിവരാവകാശ അപേക്ഷയിൽ പി.എസ്.സി മറുപടി നൽകിയിട്ടുണ്ട്. എന്നാൽ ശേഷിക്കുന്ന പത്ത് സ്ഥാപനങ്ങൾ ഇതുവരെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ളെന്നും പറയുന്നു.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത

സ്ഥാപനങ്ങളും വകുപ്പും

കേരഫെഡ് (കൃഷി ), കാപ്പക്സ്, ഹാൻഡി ക്രാഫ്റ്റ് (സുരഭി), റൂട്രോണിക്സ് (വ്യവസായം), ടെക്സ് ഫെഡ് (ടെക്സ്റ്റയിൽ), ടൂർഫെഡ്, വനിതാ ഫെഡ്, ഹോസ്പിറ്റൽ ഫെഡ്, ലേബർ ഫെഡ്, മാർക്കറ്റ് ഫെഡ് (സഹകരണം)

പി.എസ്.സി നിയമനം

നടത്തുന്ന സ്ഥാപനങ്ങൾ

മിൽമ, ഹാൻടെക്സ്, കൺസ്യൂമർ ഫെഡ്, ഹൗസ് ഫെഡ്, സംസ്ഥാന സഹകരണ ബാങ്ക്, കേരള സ്റ്റേറ്റ് ഫെഡറേഷൻ ഒഫ് എസ്.സി/ എസ്.ടി, മത്സ്യഫെഡ്, കയർ ഫെഡ്

സ്പെഷ്യൽ റൂൾ തയ്യാറാക്കാത്തതും ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതുമായ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

-മിനി ആന്റണി,
സഹകരണ വകുപ്പ് സെക്രട്ടറി