g-sudhakaran

തിരുവനന്തപുരം: അരൂരിലെ എൽ.ഡി.എഫിന്റെ തോൽവിയിൽ തന്നെ കുറ്റക്കാരനാക്കാനുള്ള നീക്കത്തിനെതിരെ തുറന്നടിച്ച് മന്ത്രി ജി. സുധാകരൻ. ആരെങ്കിലും എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവരവിടെ കുഴപ്പം കാട്ടിയവരായിരിക്കുമെന്നും കള്ള പ്രചാരവേലയ്ക്ക് മാദ്ധ്യമങ്ങളെ പ്രേരിപ്പിക്കുന്നവരാണ് കുഴപ്പക്കാരെന്നും സുധാകരൻ ഇന്നലെ ഒരു ചാനലിനോട് പറഞ്ഞു.

അരൂരിലെ തോൽവിക്ക് പ്രചാരണ വേളയിലുണ്ടായ പാളിച്ചകളും കാരണമായെന്ന പരാതി സി.പി.എമ്മിലുയർന്നിരിക്കെയാണ്, തുറന്ന സൂചന നൽകുന്ന സുധാകരന്റെ പരാമർശം.

പൂതന പരാമർശം തോൽവിക്ക് കാരണമായിട്ടില്ല. തോൽവിയുടെ ഉത്തരവാദിത്വം എന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നവരുടെ ചാക്കിൽ ആരെങ്കിലും വീണിട്ടുണ്ടെങ്കിൽ അവരെ പരിശോധിക്കണം. കടലോരങ്ങളിലും കായലോരങ്ങളിലും ധീവരർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലും വോട്ട് കുറ‌ഞ്ഞത് പരിശോധിക്കണം. ബി.ജെ.പി വലിയതോതിൽ വോട്ട് മറിച്ചു. അവർക്ക് രാഷ്ട്രീയമില്ല. കച്ചവടമാണ്.

അരൂരിൽ എതിരാളി നേരത്തേ ഒരുപാട് സ്ഥലത്ത് തോറ്റ സ്ഥാനാർത്ഥിയായത് കൊണ്ട് വൈകാരികഘടകങ്ങളും അവർക്കനുകൂലമായി. എങ്കിലും ശക്തമായ രാഷ്ട്രീയനിലപാട് കൊണ്ട് അതിനെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷിച്ചത്. അടിസ്ഥാനവർഗം കൃത്യമായി വോട്ട് ചെയ്തു. പാർലമെന്റിൽ കിട്ടിയതിനെക്കാൾ രണ്ടായിരം വോട്ട് വർദ്ധിച്ചു. യു.ഡി.എഫിന് മൂവായിരം വോട്ട് കൂടി. പതിനായിരത്തോളം ബി.ജെ.പി വോട്ട് അപ്രത്യക്ഷമായത് എങ്ങോട്ട് പോയെന്ന് പരിശോധിക്കണം. യഥാർത്ഥ കാരണം മറച്ചുവയ്ക്കാൻ സംഘടിതമായ ശ്രമമാണ് നടത്തുന്നത്.

പൂതന പരാമർശവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് പരാതിയുന്നയിച്ചതല്ലാതെ ഞാനങ്ങനെ പറഞ്ഞിട്ടില്ല. അതവിടെ ചർച്ചാവിഷയവുമായില്ല. ഞാൻ പറഞ്ഞതൊരു വ്യക്തിയെക്കുറിച്ചല്ല. എന്നാലത് പെയ്ഡ് ന്യൂസ് പോലെ അവതരിപ്പിച്ചു. അവരെ ഞാൻ സഹോദരിയെന്ന് വിളിച്ചത് തിരഞ്ഞെടുപ്പ് കമ്മിഷൻ എടുത്തുപറഞ്ഞിട്ടുണ്ട്. ജനങ്ങൾക്ക് തെറ്റിദ്ധാരണയുണ്ടായിട്ടില്ല. എന്നാൽ ഫലം വന്നശേഷവും ചിലർ ഇത് പറഞ്ഞുകൊണ്ടിരിക്കുകയാണ്.

ഞാൻ അവിടെ 24 ദിവസം ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചയാളാണ്. ഞാനും സജി ചെറിയാനുമാണ് താമസിച്ച് പ്രവർത്തിച്ചത്. ആലപ്പുഴയിൽ ഒമ്പത് അസംബ്ലി സീറ്റുകളിൽ എട്ടെണ്ണവും നേടിയെടുത്തത് ഞാൻ കാമ്പെയ്ൻ നയിച്ചിട്ടല്ലേ. പാർലമെന്റ് തിരഞ്ഞെടുപ്പിലും ആലപ്പുഴയിൽ മാത്രമല്ലേ ജയിച്ചത്. അപ്പോൾ അരൂരിൽ മാത്രമെന്തിന് ജയിക്കാതിരിക്കണം.

ആലപ്പുഴയിൽ എൽ.ഡി.എഫിന് വിജയം നേടാൻ നേതൃത്വം കൊടുക്കുന്നതിൽ മുമ്പനായ എന്നെ അപമാനിച്ചാൽ അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്നാണ് എതിരാളികളുടെ നോട്ടം. അവരുടെ ചാക്കിൽ വീണത് ആരാണെങ്കിലും പരിശോധിക്കണം. വിജയവും പരാജയവുമെല്ലാം പരിശോധിക്കും. തിരുത്താനുള്ളത് തിരുത്തും. അടുത്ത തവണ അരൂർ തിരിച്ചുപിടിക്കും.