പാറശാല: കളിയിക്കാവിളയിലെ കേരള ബിവറേജസ് കോർപ്പറേഷന്റെ സമീപത്ത് നിന്നും തമിഴ്‌നാട് നിർമ്മിത വിദേശ മദ്യവുമായി ഒരാളെ അമരവിള എക്‌സൈസ് സംഘം പിടികൂടി. ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിന് സമീപത്ത് വച്ച് മദ്യക്കച്ചവടം നടത്തുന്ന കളിയിക്കാവിള സ്വദേശി ജയ്സിംഗാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ ബിവറേജസ് ഔട്ട് ലെറ്റ് തുറക്കുന്നതിന് മുമ്പായി എത്തുന്ന ആവശ്യക്കാർക്ക് മദ്യം വിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച വിവരം എക്സൈസിന് കൈറിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. പ്രതിയിൽ നിന്നും നാലര ലിറ്റർ തമിഴ്‌നാട് നിർമ്മിത വിദേശ മദ്യവും 750 രൂപയും എക്‌സസൈസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അമരവിള എക്‌സസൈസ് റേഞ്ച് ഇൻസ്പെക്ടർ എൽ.ആർ. അജീഷിന്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.