1

വിഴിഞ്ഞം: രാജ്യാന്തര തുറമുഖ നിർമ്മാണ സ്ഥലത്ത് വൈദ്യുതി എത്തിക്കാൻ രണ്ട് കൂറ്റൻ ട്രാൻസ്‌ഫോർമറുകൾ വിഴിഞ്ഞത്ത് എത്തിച്ചു. ഇതിനുള്ളിൽ നിറച്ചിരിക്കുന്ന ഓയിൽ ഉൾപ്പെടെ 69800 കിലോഗ്രാം വീതം ഭാരമുണ്ട്. ഇത്തരത്തിലുള്ള രണ്ട് ട്രാൻസ്‌ഫോർമറുകൾ കൂടി വിഴിഞ്ഞത്ത് ഉടനെ എത്തിക്കും. 70 ടൺ ഭാരം വഹിക്കാവുന്ന അമ്പതോളം വീലുകൾ ഘടിപ്പിച്ച പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ പുള്ളറിന്റെ സഹായത്തോടെയാണ് ഇവ കഴിഞ്ഞ ദിവസം എത്തിച്ചത്. തുറമുഖത്ത് വൈദ്യുതി എത്തിക്കുന്നതിനുള്ള 220 കെ.വി സബ് സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. പ്രധാന സ്റ്റേഷൻ മുക്കോലയിൽ സ്ഥാപിച്ച് ഇവിടെ നിന്ന് ഭൂമിക്കടിയിലൂടെ കേബിളിട്ട് തുറമുഖ നിർമ്മാണ സ്ഥലത്തിനടുത്ത് മുല്ലൂരിൽ ആധുനിക സ്റ്റേഷൻ നിർമ്മിക്കും. കാട്ടാക്കടയിൽ നിന്നുമാണ് വിഴിഞ്ഞത്തേക്ക് വൈദ്യുതി എത്തിക്കുന്നത്. മുക്കോല തലയ്ക്കോട് വഴി തുറമുഖ കവാടത്തിലെ റോഡിന്റെ അടിയിലൂടെയാണ് ആധുനിക സബ് സ്റ്റേഷനിൽ വൈദ്യുതി എത്തിക്കുന്നത്. ഇതിലൂടെയുള്ള വൈദ്യുതി വിതരണത്തിന് തടസം നേരിട്ടാൽ അടിയന്തര സംവിധാനമെന്ന നിലയിൽ കാഞ്ഞിരംകുളം പാമ്പുകാല സ്റ്റേഷനിൽ നിന്നും 11 കെ.വി ലൈൻ സ്ഥാപിച്ച് വൈദ്യുതി വിതരണ സംവിധാനവും ഇവിടെയുണ്ടാകും.