കഴക്കൂട്ടം: ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന ആലപ്പുഴ അമ്പലകുളങ്ങര മുസ്ളിം പള്ളിക്ക് സമീപം ബിലാൽ (19), തിരുവനന്തപുരം മുട്ടത്തറ ബീമാപള്ളി കോളനി റോഡിൽ ഷമീറാമൻസിലിൽ നസറുദ്ദീൻഷാ (32), ബീമാപള്ളി പുതുവൽ പുരയിടം വീട്ടിൽ റിയാസ് (24) എന്നിവരെ കഠിനംകുളം പൊലീസ് അറസ്റ്റുചെയ്തു. ഇവരുൾപ്പെട്ട നാലംഗ സംഘം കഴിഞ്ഞ വ്യാഴാഴ്ച രാത്രി പെരുമാതുറ സ്വദേശി സഞ്ജുവിന്റെ വീടിന്റെ പിൻവശം കുത്തിത്തുറന്ന് 50000 രൂപ കവർന്നതോടെയാണ് ഇവർ പൊലീസിന്റെ വലയിലായത്. പൂന്തുറ സ്റ്രേഷനിലെ ക്രിമിനൽകേസിലെ പ്രതിയും ഫോർട്ട്, വിഴിഞ്ഞം, കോവളം, വലിയതുറ, തുമ്പ, കാഞ്ഞിരംകുളം, ആലുവ തുടങ്ങിയ സ്റ്റേഷനുകളിലെ മോഷണ കേസിലെ പ്രതിയുമാണ് നസറുദ്ദീൻഷാ.
റിയാസിന്റെ പേരിലും സമാനമായ കുറ്റം വിവിധ സ്റ്രേഷനുകളിലുണ്ട്. വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളിൽ ചുറ്റി ആൾപാർപ്പില്ലാത്ത വീടുകൾ നോക്കി വച്ച് രാത്രിയിൽ മോഷണം നടത്തുകയാണ് ഇവരുടെ പതിവെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു പ്രതി നിസാമുദ്ദീനുവേണ്ടി ഊർജിത അന്വേഷണം നടത്തുന്നുണ്ട്. കഠിനംകുളം സി.ഐ പി.ബി. വിനോദ് കുമാർ, എസ്.ഐമാരായ പി. അഭിലാഷ്, ഇ.പി. സവാദ്ഖാൻ, കൃഷ്ണപ്രസാദ്, എ.എസ്.ഐമാരായ ഷാജി, അനൂപ്, പൊലീസുകാരായ സുരേന്ദ്രൻ, രാജു, ബിനു, സജിൻ, സജി, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.