kpcc-indira-bhavan-

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും കോന്നിയിലുമുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ, കോൺഗ്രസിൽ നേതാക്കൾ തമ്മിൽ നിഴൽയുദ്ധം മുറുകി. നാളെ ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി തിരിച്ചടികൾ പരിശോധിക്കാൻ സമിതികളെ ചുമതലപ്പെടുത്തിയേക്കും.

ആർ.എസ്.എസ് ഇടതിന് വോട്ട് മറിച്ചെന്ന ആക്ഷേപം യു.ഡി.എഫ് ശക്തമാക്കും. വട്ടിയൂർക്കാവിൽ ബി.ജെ.പി സ്ഥാനാർത്ഥി ലോക്‌സഭാ തിര‌ഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ ഇരുപത്തിമൂവായിരത്തിൽപ്പരം വോട്ടുകൾക്കും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതിനെക്കാൾ പതിനാറായിരത്തോളം വോട്ടുകൾക്കുമാണ് പിറകിലായത്. ഇടത് സ്ഥാനാർത്ഥിക്ക് പതിന്നാലായിരത്തിൽപ്പരം വോട്ടുകളുടെ ലീഡ് കിട്ടി. ഇത് പറഞ്ഞാണ് വോട്ടുമറിച്ചെന്ന ആരോപണമുയർത്തുന്നത്. എന്നാൽ യു.ഡി.എഫിന്റെ വോട്ട് പതിനായിരത്തോളം കുറഞ്ഞതിന് ന്യായീകരണമില്ല.

സാമുദായിക സംഘടനാ നേതൃത്വങ്ങളുടെ നിർദ്ദേശത്തിനനുസരിച്ച് പാർട്ടിയെ ചലിപ്പിക്കുന്നത് ശരിയോയെന്ന ചോദ്യവും ഉയരുന്നു. പരസ്യപ്രസ്താവന വിലക്കിയെങ്കിലും ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമർശനങ്ങളുമായി ഇന്നലെയും ചിലർ രംഗത്തെത്തി. കോൺഗ്രസിലെ ചേരിപ്പോരിനെതിരെ മുസ്ലിംലീഗും മുന്നറിയിപ്പ് നൽകി. നിയമസഭാസമ്മേളനം ആരംഭിക്കുന്ന തിങ്കളാഴ്ച ചേരുന്ന യു.ഡി.എഫ് നേതൃയോഗവും പരാജയകാരണങ്ങൾ വിശദമായി ചർച്ച ചെയ്യും.

വട്ടിയൂർക്കാവിലും കോന്നിയിലും സംഘടനാപരമായ പാളിച്ചകൾ പ്രവർത്തനത്തിലുണ്ടായെന്ന വിലയിരുത്തൽ ശക്തമാണ്. തിരഞ്ഞെടുപ്പ് ചുമതല വഹിച്ച നേതാക്കൾക്ക് നേരെ സംശയമുന നീളുന്നു. കോന്നിയിൽ അടൂർ പ്രകാശ് നിസഹകരിച്ച് നിന്നത് പൊറുക്കാനാവില്ലെന്ന വികാരവുമുണ്ട്. പാർട്ടി വികാരത്തെക്കാൾ സാമുദായിക സംഘടനകൾക്ക് പ്രാമുഖ്യം നൽകി സ്ഥാനാർത്ഥിയെ നിശ്ചയിച്ചതാണ് തിരിച്ചടിച്ചതെന്ന മറുവാദമാണ് പ്രകാശ് അനുകൂലികളുടേത്. വട്ടിയൂർക്കാവിൽ കെ. മുരളീധരൻ സജീവമായിരുന്നു എന്നാണ് വിലയിരുത്തൽ. എങ്കിലും സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയും മുരളീധരനുമായി ബന്ധപ്പെട്ടും ഉയർന്ന തർക്കവും മറ്റും വോട്ടർമാരെയും സ്വാധീനിച്ചിരിക്കാമെന്ന് നേതൃത്വം കരുതുന്നു. ഫോട്ടോഫിനിഷിലൂടെ ആണെങ്കിലും ഇടത് കോട്ടയായ അരൂരിൽ നേടിയ വിജയമാണ് ആശ്വാസം നൽകുന്നത്.

ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലും തൊട്ടുമുമ്പ് നടന്ന പാലായിലുമായി ഇടതുമുന്നണിക്ക് അധികമായി കിട്ടിയത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കാൾ 64,302 വോട്ടാണ്. യു.ഡി.എഫിന് ആറ് മാസത്തിനിടയിൽ 57,617 വോട്ടും ബി.ജെ.പിക്ക് 51,464 വോട്ടും കുറഞ്ഞു. ബി.ജെ.പിയെക്കാളും വോട്ട് കുറഞ്ഞത് കോൺഗ്രസിനായത് കൊണ്ട് വോട്ടുമറിക്കൽ ആരോപണം എത്രത്തോളം നിലനിൽക്കുമെന്ന ചോദ്യവുമുണ്ട്.

പാർട്ടിയുടെ പ്രവർത്തനരീതികളിലും സമീപനങ്ങളിലും മാറ്റം അനിവാര്യമാണെന്ന് വി.എം. സുധീരൻ അടക്കം പ്രതികരിച്ചിട്ടുണ്ട്. വട്ടിയൂർക്കാവിൽ സംഘടനാ ദൗർബല്യമുണ്ടായതായി സ്ഥാനാർത്ഥി കെ. മോഹൻകുമാർ തുറന്നു പറഞ്ഞു. അവിടെ ആദ്യം സ്ഥാനാർത്ഥി പട്ടികയിലുണ്ടായിരുന്ന എൻ. പീതാംബരക്കുറുപ്പ് ഇന്നലെ നേതാക്കൾക്കെതിരെ രൂക്ഷവിമർശനമുയർത്തി. നേതാക്കളെ കാണുന്നത് ചാനലുകളിലാണെന്നും ജനങ്ങളുമായോ പ്രവർത്തകരുമായോ അവർക്ക് ബന്ധമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.