തിരുവനന്തപുരം: കുമ്മനം രാജശേഖരന്റെ പകരക്കാരനായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായ പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് കുമ്മനം ഒഴിഞ്ഞ മിസോറം ഗവർണറുടെ കസേര തന്നെ നൽകുമ്പോൾ പതിന്നാല് മാസത്തിന് ശേഷം ബി.ജെ.പിയിൽ വീണ്ടും നേതൃമാറ്റ ചർച്ച സജീവമായി.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവരുടെ പേരുകളാണ് അദ്ധ്യക്ഷസ്ഥാനത്തേക്ക് പ്രധാനമായും പറഞ്ഞു കേൾക്കുന്നത്. മറ്റ് രണ്ട് ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്റെയും എ.എൻ. രാധാകൃഷ്ണന്റെയും പേരുകളും ഉയരുന്നു. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ തീരുമാനമാകും അന്തിമം. ആർ.എസ്.എസ് നേതൃത്വത്തിന്റെ സമ്മർദ്ദമുണ്ടായാൽ കുമ്മനം ഒരിക്കൽ കൂടി പരിഗണിക്കപ്പെട്ടെന്നും വരാം. പ്രത്യേകിച്ച് വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനത്തെ തഴഞ്ഞതിലുള്ള നീരസം ആർ.എസ്.എസിൽ നിലനിൽക്കുമ്പോൾ.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ നീക്കാൻ ദേശീയനേതൃത്വം തീരുമാനിച്ചത്. ബി.ജെ.പി സംസ്ഥാന ഘടകത്തിനകത്തെ ചേരിപ്പോരിനുള്ള താക്കീതായി അന്നത്തെ തീരുമാനം വ്യാഖ്യാനിക്കപ്പെട്ടു. പുതിയ അദ്ധ്യക്ഷനെ ചൊല്ലിയും തർക്കം കൊടുമ്പിരിക്കൊണ്ടെങ്കിലും രണ്ട് മാസത്തോളം അദ്ധ്യക്ഷനെ നിയമിച്ചില്ല. ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമായതോടെയാണ് ആർ.എസ്.എസിന്റെ കൂടി അഭിപ്രായം മാനിച്ച് പി.എസ്. ശ്രീധരൻ പിള്ളയെ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയെന്ന നിലയിൽ ആഗസ്റ്റ് ആദ്യം അദ്ധ്യക്ഷനാക്കിയത്.
പിന്നീടിങ്ങോട്ട് ശബരിമല യുവതീപ്രവേശന വിഷയത്തിലടക്കം ശ്രീധരൻ പിള്ള സ്വീകരിച്ച പല നിലപാടുകളും പാർട്ടിക്കുള്ളിൽ വിവാദമായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയമടക്കം ഉയർത്തിക്കാട്ടിയിട്ടും കേരളത്തിൽ ബി.ജെ.പിക്ക് നില കാര്യമായി മെച്ചപ്പെടുത്താനായില്ല. പിന്നീട് നടന്ന അസംബ്ളി ഉപതിരഞ്ഞെടുപ്പുകളിലും ദയനീയ പ്രകടനമാണ് കാഴ്ചവയ്ക്കാനായത്. അഞ്ച് ഉപതിരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പായി ബി.ഡി.ജെ.എസ് എൻ.ഡി.എയുമായി നീരസത്തിലായതും മുന്നണിക്ക് തിരിച്ചടിയായി.
ഡിസംബറിൽ ബി.ജെ.പിയിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാന അദ്ധ്യക്ഷനെ മാറ്റുന്നത്. ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കും മുമ്പ് തന്നെ സംസ്ഥാന നേതൃത്വത്തിന് ഇതിന്റെ സൂചന നൽകിയതായാണ് വിവരം. സംസ്ഥാന ആർ.എസ്.എസ് നേതൃത്വവുമായി ഒരാഴ്ച മുമ്പ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറി നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം സൂചിപ്പിച്ചതായി അറിയുന്നു. നവംബർ ആദ്യമോ രണ്ടാം വാരമോ സംഘടനാ ജനറൽസെക്രട്ടറി വീണ്ടും ആർ.എസ്.എസ് നേതൃത്വവുമായി ചർച്ച നടത്തും. സംസ്ഥാന അദ്ധ്യക്ഷനെ തീരുമാനിക്കുന്നത് ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാകും.