തിരുവനന്തപുരം: വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പിൽ വിജയിച്ച വി.കെ. പ്രശാന്ത് ഇന്ന് ഉച്ചയ്‌ക്ക് 2.30ന് നടക്കുന്ന അടിയന്തര കൗൺസിൽ യോഗത്തിന് ശേഷം മേയർ സ്ഥാനം രാജിവയ്‌ക്കും. നഗരസഭ സെക്രട്ടറി എൽ.എസ്. ദീപയ്ക്കാണ് അദ്ദേഹം രാജിക്കത്ത് സമർപ്പിക്കുക. ഇതിന് മുമ്പ് മേയർ നന്ദി പ്രസംഗം നടത്തും. കാലാവധി പൂർത്തിയാക്കാൻ ഒരുവർഷം ശേഷിക്കെയാണ് വി.കെ. പ്രശാന്ത് പടിയിറങ്ങുന്നത്. നേരത്തെ വിവിധ അജൻഡകൾ നിശ്ചയിച്ചുകൊണ്ടുള്ള സാധാരണ കൗൺസിലാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ ബി.ജെ.പി അംഗങ്ങൾ തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസിന് ഇന്നലെ രാവിലെ പരാതി നൽകി. മൂന്ന് ദിവസം മുമ്പെങ്കിലും യോഗത്തിന്റെ അജൻ‌ഡ‌കൾ അംഗങ്ങൾക്ക് നൽകണമെന്നാണ് ചട്ടം. എന്നാൽ ഇന്നലെയാണ് കൗൺസിൽ ചേരുന്നതിനുള്ള അറിയിപ്പും അജൻഡകളും അംഗങ്ങൾക്ക് ലഭിച്ചതെന്നും ഇത് ചട്ടവിരുദ്ധമാണെന്നും കാണിച്ചായിരുന്നു ബി.ജെ.പിയുടെ പരാതി. വകുപ്പ് സെക്രട്ടറി നഗരസഭയോട് വിശദീകരണം തേടിയതിനെ തുടർന്ന് കൗൺസിൽ റദ്ദാക്കിയതായി നഗരസഭ സെക്രട്ടറി റിപ്പോർട്ട് നൽകി. പിന്നീട് ' ജനകീയാസൂത്രണം ' എന്ന ഒറ്റ അജൻ‌ഡയിലൊതുക്കി അടിയന്തര കൗൺസിൽ വിളിക്കാൻ മേയർ തീരുമാനിക്കുകയായിരുന്നു. 28നാണ് വി.കെ. പ്രശാന്ത് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.