kochi-mayor

കൊച്ചി: രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്ന് സൗമിനി ജെയിനും, എറണാകുളത്ത് യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറഞ്ഞതിൽ മേയറെ ബലിയാടാക്കേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റും നിലപാടെടുത്തിന് പിന്നാലെ കൊച്ചി കോർപ്പറേഷൻ മേയർമാറ്റം പുറമേ ശാന്തമായി. എന്നാൽ, എ-ഐ ഗ്രൂപ്പുകൾ രാജി ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്. യുവജന വിദ്യാർത്ഥി സംഘടനകൾക്കും കടുത്ത അമർഷമുണ്ട്. എ ഗ്രൂപ്പിലെ ചിലർ മാത്രമാണ് സൗമിനി ജെയിന് ഒപ്പമുള്ളത്. യു.ഡി.എഫിലെ ചില ഘടകകക്ഷികളും മേയറെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതോടെ അടുത്ത ദിവസങ്ങളിൽ മേയർമാറ്റം കൂടുതൽ പൊട്ടിത്തെറിയിലേക്ക് എത്തിച്ചേക്കും.

അതേസമയം,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി പത്ത് മാസത്തെ ദൂരം മാത്രമേയുള്ളൂ. ഈ സാഹചര്യത്തിൽ തമ്മിൽ തല്ലി ഭരണം നഷ്ടപ്പെടുത്തരുതെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ ജില്ലാ നേതാക്കൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. മുസ്ലിം ലീഗിനും ഇതേ അഭിപ്രായമാണ്. നിലവിൽ സൗമിനി ജെയിനെ മാറ്റിയാൽ കോർപ്പറേഷനിലെ സമവാക്യങ്ങളടക്കം മാറും. ഇത് കൂടുതൽ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ എത്തിച്ചേക്കുമെന്ന മുന്നറിയിപ്പും ലീഗ് കോൺഗ്രസിനെ അറിച്ചിട്ടുണ്ട്.


അതേസമയം,മേയറെ മാറ്റുന്നത് സംബന്ധിച്ച് എ, ഐ ഗ്രൂപ്പുകൾ ധാരണയിലെത്തിയതായാണ് സൂചന. ഉപതിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കുറഞ്ഞതും കോർപ്പറേഷനെതിരായ ഹൈക്കോടതി വിമർശനവും തന്നെയാണ് നീക്കത്തിന് പിന്നിൽ. മേയർക്കെതിരെ രൂക്ഷവിമർശനവുമായി എറണാകുളം എം.പി ഹൈബി ഈഡനും രംഗത്തെത്തിയിരുന്നു. ജനങ്ങളുമായി ബന്ധപ്പെടുന്ന കാര്യങ്ങളിൽ നഗരസഭ കാര്യക്ഷമമായി ഇടപെടാത്തതാണ് വോട്ട് കുറയാൻ കാരണം. പാർട്ടിയുമായി കൂടിയാലോചന നടത്തുന്നതിൽ നഗരസഭ പരാജയമാണ്. കൊച്ചി കോർപ്പറേഷനെതിരായ വികാരം പാർട്ടി കണക്കിലെടുക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.

ഹൈബി ഈഡന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പും എ ഗ്രൂപ്പിലെ ഒരു വിഭാഗവുമാണ് മേയറെ മാറ്റണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എ ഗ്രൂപ്പുകാരിയാണ് സൗമിനി. ഉപതിരഞ്ഞെടുപ്പിൽ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നെങ്കിലും ടി.ജെ വിനോദിന് 3750 വോട്ട് ഭൂരിപക്ഷം മാത്രമേ ലഭിച്ചിട്ടുള്ളൂ. റോഡുകളുടെ ശോച്യാവസ്ഥ, ഗതാഗതക്കുരുക്ക്, വോട്ടെടുപ്പ് ദിവസം കനത്ത മഴയെതുടർന്ന് ഉണ്ടായ വെള്ളക്കെട്ട് എന്നിവയെല്ലാം തിരിച്ചടിയാതായാണ് ജില്ലാ കോൺഗ്രസിന്റെ വിലയിരുത്തൽ.