water

വട്ടപ്പാറ: മഴപെയ്തുകഴിഞ്ഞാൽ എം.സി റോഡിൽ വട്ടപ്പാറ മുതൽ വെമ്പായം വരെയുള്ള യാത്ര ഇത് വഴിയുള്ള വാഹനയാത്രക്കാർക്ക് പേടി സ്വപ്നമാണ്. റോഡിൽ പല ഭാഗങ്ങളിലും മുട്ടൊപ്പം വെള്ളം പൊങ്ങും. ഇരുചക്ര വാഹനങ്ങൾ, കാറുകൾ തുടങ്ങിയ ചെറിയ വാഹനങ്ങൾക്ക് ഇതു വഴി കടന്നുപോകാൻ പിന്നെ പ്രയാസമാണ്. വെള്ളത്തിൽ കുരുങ്ങി വലിയ വാഹനങ്ങൾ ഇവിടെ വഴിയിലാകുന്നതും പതിവ് കാഴ്തയാണ്. കാൽ നടയാത്രക്കാരെയും റോഡരികിലുള്ള കടകളെയും തെരുവ് കച്ചവടക്കാരെയും കുളിപ്പിച്ചുകൊണ്ട് വാഹനങ്ങൾ കടന്ന് പോകുമ്പോൾ ആരെ കുറ്റം പറയും എന്ന ചിന്തയിലാണ് നാട്ടുകാർ.

റോഡിൽ വട്ടപ്പാറ വെമ്പായം വരെ ഭാഗത്ത് രൂക്ഷമായ വെള്ളക്കെട്ടാണ്. ചെറിയ മഴ ഉണ്ടായാൽപ്പോലും റോഡ് പുഴയാകും. ഒരറ്റ മഴയ്ക്ക് റോ‌ഡിലുട നീളം വലിയ വെള്ളക്കെട്ടുകൾ ഉണ്ടാകുന്നു. ഇത് അപകടങ്ങൾക്കും കാരണമാവുകയാണ്. വട്ടപ്പാറ പൊലീസ് സ്റ്റേഷൻ കഴിഞ്ഞുള്ള വളവിലും, എൽ.എം.എസ് സ്കൂളിന് മുന്നിലും, വെമ്പായം ജംഗ്ഷനിലും, വെമ്പായം ജംഗ്ഷനു സമീപമുള്ള സ്വകാര്യ ഹോട്ടലിനു മുന്നിലും, കന്യാകുളങ്ങര കൊച്ചാലുംമൂട്ടിലുമാണ് വെള്ളക്കെട്ടുകൾ. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സൗകര്യം ഇവിടെയില്ല. ഓടകൾ അടഞ്ഞ നിലയിലാണ്. വെമ്പായം ജംഗ്ഷനിലെ ഓടകളിൽ മണ്ണുനിറഞ്ഞ നിലയിലാണ്. ചിലയിടങ്ങളിൽ ഓടകൾ കൈയേറി മണ്ണിട്ട് നികത്തിയിട്ടുണ്ട്. ഓടകൾക്കു മുകളിൽ നടക്കുന്ന കച്ചവടവും വെള്ളം ഒഴുകിപ്പോകുന്നതിന് തടസം സൃഷ്ടിക്കുന്നു. ഓടകൾ മഴയ്ക്ക്‌ മുൻപ് വൃത്തിയാക്കാത്തതും കൈയേറ്റം ഒഴിപ്പിക്കാൻ കഴിയാത്തതും സ്ഥിതി രൂക്ഷമാക്കിയിരിക്കുകയാണ്. വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ എം.സി റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുന്നു. വാഹനങ്ങൾ പോകുമ്പോൾ സമീപത്തെ കടകളിലേക്കും വീടുകളിലേക്കും വെള്ളം ഇരച്ചുകയറുന്ന അവസ്ഥയുമുണ്ട്.