മഴയെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. അതിനൊരു കാരണം നമ്മുടെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന പ്രകൃതിയുടെ പ്രധാനമായ ഇടപെടലാണു മഴയെന്നത്. നമ്മുടെ ചിന്തകളിൽ ഓർമ്മകളിൽ ഭാവനകളിൽ സൗഹൃദങ്ങളിൽ ഒക്കെത്തന്നെ ഒരൊഴുക്കിന്റെ ശക്തിയും തെളിമയും തീർക്കാൻ മഴയോളം മറ്റൊന്നിനുമാവില്ല. അതുകൊണ്ടാണു ഋഷിമാരും കവികളും ചിന്തകന്മാരും ഒക്കെ മഴയെ കൂടുതൽ വർണിച്ചതും വാഴ്ത്തിയതും.
മഴ മണ്ണിലേക്കിറങ്ങി അടിത്തട്ടിൽക്കിടക്കുന്ന പാറയിൽ തൊടുന്നതു പോലെയാണ് മഴക്കതിരുകൾ നമ്മുടെ ചിന്തകളെയും ഓർമ്മകളെയും വാസനാസങ്കല്പങ്ങളെയും തൊട്ടുണർത്തുന്നത്. ഈയൊരു സ്പർശനം കാറ്റിനോ വെയിലിനോ മിന്നലിനോ മേഘഗർജനത്തിനോ നൽകാനാവില്ല. അത്രത്തോളം മഴ മനുഷ്യന്റെ മനസിലേക്ക് വാർന്നിറങ്ങുന്ന പ്രകൃതിയുടെ നീരംഗുലങ്ങളാണ്. അന്നം പ്രാണനോടും പ്രാണൻ അന്നത്തോടും സംബന്ധപ്പെട്ടതായിരിക്കുന്നതിൽ നിന്നുതന്നെ അന്നത്തിന്റെ ദാതൃസ്ഥാനമായി നിലകൊള്ളുന്ന മഴയുടെ മേന്മ എത്രത്തോളമെന്ന് മനസിലാക്കാനാവും. അതറിയാത്തവരാകട്ടെ മഴയെ രോഗം വിതയ്ക്കുന്ന വിപത്തായിക്കാണും. ഒരു കാലത്ത് മഴ നനഞ്ഞ് കൃഷിക്കളങ്ങളിൽ നിറഞ്ഞുനിന്ന പൂർവികരിൽ നിന്നാണു ഇന്നത്തെ തലമുറ വാർത്തെടുക്കപ്പെട്ടിട്ടുള്ളതെന്ന വാസ്തവത്തെ ആധുനികർ അധികവും മറന്നുപോവുകയാണ്.
ഇന്നു മഴയ്ക്ക് പെയ്തിറങ്ങാനുള്ള ഇടങ്ങളെ മനുഷ്യൻ ബോധപൂർവം ചുരുക്കിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ ഒഴുകിയുമിറങ്ങിയും മണ്ണിനെയും മനുഷ്യനെയും മറ്റു സൃഷ്ടിജാലങ്ങളെയും ഒന്നിനോടൊന്ന് പാരസ്പര്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന മഴയെ മനുഷ്യൻ അവഗണിക്കുകയും അതിന്റെ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുകയും ചെയ്തു. ഈ പ്രകൃതി വിരുദ്ധതയിൽ നിന്നാണ് അകത്തും പുറത്തുമുള്ള പ്രളയങ്ങളധികവും ഉണ്ടാകുന്നത്. ഇത്തരമൊരു ചിന്തയുടെ ഉണർവുണ്ടാകാത്തിടത്തോളം മനുഷ്യൻ മഴയെ ഭയപ്പെടും. ഇന്നത്തെ കുഞ്ഞുങ്ങൾ അധികവും മഴ നനഞ്ഞു വളരാൻ അവസരം കിട്ടാത്തവരാണ്. അതിനാൽ മണ്ണിന്റെ മണവും മഴയുടെ മിഴിവും അറിയാതെ വളരുന്ന അവർ മഴയുടെ മഹാദാനത്തെപ്പറ്റി ചിന്തിക്കുന്നതേയില്ല. അതുകൊണ്ട് അവർ മഴയുടെ പോക്കുവരവിനെ മതിലുയർത്തി ചെറുക്കാൻ തുനിയുകയാണ്. അതുമൂലം മഴയാണു പ്രകൃതിയുടെ ആരോഗ്യത്തെ നിലനിറുത്തുന്നതെന്ന, മഴയില്ലെങ്കിൽ പ്രകൃതി രോഗാതുരമാകുമെന്ന സത്യം അവർക്ക് അസത്യമായിത്തീരുന്നു.
മഴ മാലാഖയെപ്പോലെയാണ്. കാരണമെന്തെന്നാൽ ഏതു ഭാരത്തെയും ചൊരിഞ്ഞുകളയാൻ മഴയ്ക്ക് കഴിയും. ഏതൊന്നിനും ഭാരമില്ലാത്തതായിത്തീരുമ്പോഴാണു നിലം പതിക്കാതിരിക്കാനാവുന്നത്. 'പിശാചുക്കൾ നിലം പതിക്കാൻ കാരണം അവരുടെ ഭാരമാണെ"ന്ന് വിഖ്യാത തത്ത്വചിന്തകനും എഴുത്തുകാരനുമായിരുന്ന ജി.കെ. ചെസ്റ്റർട്ടൺ പറയുന്നത് വിലമതിക്കാതിരിക്കാനാവുകയില്ല. അതിനാൽ ഭാരമില്ലാത്തവനായിത്തീരാനാണ് മനുഷ്യൻ ജീവിതത്തെ വിനിയോഗിക്കേണ്ടത്. നിർഭാഗ്യമെന്നു പറയട്ടെ നമ്മുടെ ആധുനിക വിദ്യാഭ്യാസവും സമ്പത്തും സ്ഥാനമാനങ്ങളും മറ്റു ഭൗതികനേട്ടങ്ങളുമെല്ലാം തന്നെ ഒരുവനെ ഭാരമുള്ളവനാക്കിത്തീർക്കുന്ന കാഴ്ചയാണ് ഇന്നു സമൂഹത്തിൽ കാണുന്നത്. ഒരുവനിൽ ഭാരമേറ്റുന്ന പ്രധാനഘടകം ഞാൻ എന്ന അഹംഭാവമാണ്. ഇംഗ്ലീഷുകാർ പറയുന്ന ഈഗോയ്ക്ക് നമ്മുടെ അഹംഭാവത്തിനോളം തൂക്കം വരികയില്ലെന്നതാണു നേര്. അത്രമേൽ ഭാരമേറ്റുന്നതാണു അഹംഭാവം. ശരീരത്തിൽ കൊഴുപ്പ് ആവശ്യത്തിലധികമായാൽ ആരോഗ്യത്തെ എങ്ങനെ ദോഷപ്പെടുത്തുമോ അതുപോലെ ജീവിതത്തിന്റെ നേരായ ഗതിയെ അങ്ങേയറ്റം ദോഷപ്പെടുത്തുന്നതാണു അഹംഭാവം. ഈ അഹംഭാവം നല്കുന്ന ഭാരത്തിൽ നിന്നും ഒഴിഞ്ഞു നില്ക്കാനാവുന്ന ഒരുവനു മാത്രമേ ഭാരമില്ലാത്തവനായിത്തീരാനാവൂ. ഈശ്വരചിന്തയും ആത്മവിശ്വാസവും സാധനകളും പ്രാർത്ഥനകളും സദ് വിചാരങ്ങളും സദ് ധർമ്മങ്ങളും ഭാരമില്ലായ്മയിലേക്ക് നമ്മെ നയിക്കുമെന്നു സ്വജീവിതം കൊണ്ട് കാട്ടിത്തന്നവരാണ് വിശ്വഗുരുക്കന്മാർ. അതുകൊണ്ടാണ് ഗുരുക്കന്മാരുടെ വാണികൾ പ്രാണധാര പോലെയാണെന്നു പറയുന്നത്.
ഈ ഗുരുവാണികൾ കൊണ്ട് നമ്മുടെ ചിന്തയുടെ കൂടിനെ വലുതാക്കാനും ഭേദിക്കാനും അതിന്റെ ഫലം കൊണ്ട് ജീവിതത്തെ ഭാരമില്ലാതാക്കാനും നമുക്ക് കഴിയണം. അതിനു നമ്മുടെ മനസിനെ പാകപ്പെടുത്താനുള്ള തെളിമയേകുന്ന പ്രകൃതിയുടെ നൂൽപ്പാവാണ് മഴയെന്നത്. ഇനി പറയുക. ആർക്കാണു മഴയെ ഇഷ്ടപ്പെടാതിരിക്കാനാവുക? മഴയെ അവഗണിക്കാനാവുക?
മഴയില്ലാതെ വേനലിന്റെ കൊടുംതീയിൽപ്പെട്ട് വെന്തുരുകിപ്പോകുന്ന നാടിനും കാടിനും പ്രാണിവർഗങ്ങൾക്കും ജീവാമൃതമായി മഴപെയ്യിക്കാൻ ഗംഗാപതിയായ ഭഗവാനോട് അർത്ഥന നടത്തുന്നതിന് ഗുരുദേവ തൃപ്പാദങ്ങൾ രചിച്ചു നല്കിയ ഒരു പ്രാർത്ഥനാകൃതിയുണ്ട്. അർദ്ധനാരീശ്വരസ്തവം എന്ന ആ കൃതിയുടെ പ്രാർത്ഥനാലാപനത്തിനൊടുവിൽ മഴ പെയ്യുകയും ആ മഴയാൽ ജലാശയങ്ങളെല്ലാം നിറഞ്ഞു കവിയുകയും ചെയ്ത ചരിത്രവും നമുക്ക് മുന്നിലുണ്ട്. മനുഷ്യനെ അഹന്തയുടെ ഭാരമില്ലാത്തവനാക്കുന്നതിനുള്ള ഒരു ഗുരുമൊഴികൂടിയാണ് ഈ കാവ്യതല്ലജം.
ഈ വിധം ചിന്തയും പ്രാർത്ഥനയും ഒന്നാക്കി, മനുഷ്യനും പ്രകൃതിയും ഒന്നായി, മഴയും മനവും ചേർത്ത് നമുക്കു ജീവിതത്തെ ഭാരമില്ലാത്തതാക്കാം.