2003ൽ ചിലിയിലെ അറ്റക്കാമ മരുഭൂമിയിൽ നിന്നും ഒരു അസ്ഥികൂടം കണ്ടെത്തുകയുണ്ടായി. ശാസ്ത്രലോകത്തെ മുഴുവൻ വട്ടം ചുറ്റിക്കുന്ന ഈ അസ്ഥികൂടത്തിന്റെ പേരാണ് 'അറ്റ '. വെറും 15 സെന്റീമീറ്റർ ( 6 ഇഞ്ച് ) മാത്രമാണ് ഈ അസ്ഥികൂടത്തിന്റെ വലിപ്പം. കണ്ടാലോ മനുഷ്യരൂപവും! ഇത്രയും ചെറിയ മനുഷ്യനോ? ഈ ചോദ്യം തന്നെയാണ് ഇന്നും വാദപ്രതിവാദങ്ങൾക്ക് വഴി തെളിക്കുന്നത്. ഈ അസ്ഥികൂടം ഒരു മനുഷ്യന്റേത് തന്നെയെന്ന് ഗവേഷകർ ഉറപ്പിക്കുമ്പോൾ അന്യഗ്രഹ ജീവിയുടേതാണെന്ന് മറ്റുചിലർ വിശ്വസിക്കുന്നു. സാധാരണ മനുഷ്യരിൽ 12 വാരിയെല്ലുകളാണ് ഉള്ളത്. എന്നാൽ, അറ്റയ്‌ക്ക് 10 എണ്ണമേയുള്ളൂ. പല്ലുകളുടെ സാന്നിദ്ധ്യവും നീണ്ട് വലിയ തലയോട്ടിയും വലിയ കൺകുഴികളുമെല്ലാം ചൂണ്ടിക്കാട്ടി ഇതൊരു മനുഷ്യനല്ലെന്ന് ചിലർ വാദിക്കുന്നു. എന്നാൽ, ഡി.എൻ.എ പരിശോധനകളിലൂടെ ഗവേഷകർ ഈ വാദത്തെ പാടേ തള്ളുന്നു.
സൗത്ത് അമേരിക്കയുടെ കിഴക്കൻ മേഖലയിൽ ജീവിച്ചിരുന്ന ആറിനും എട്ടിനും ഇടയിൽ പ്രായമുണ്ടായിരുന്ന ഒരു പെൺകുട്ടിയുടേതാണ് ഈ അസ്ഥികൂടമെന്നാണ് നിഗമനം. സങ്കീർണമായ ജനിതക വൈകല്യമാണ് കുട്ടി ചെറുതായി പോകാൻ കാരണമത്രെ. അജ്ഞാതമായ ഒരു ജനിതക രോഗം ഈ കുട്ടിയെ ബാധിച്ചിരുന്നുവെന്ന് അസ്ഥികൂടത്തിന്റെ എല്ലുകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയതായും പറയപ്പെടുന്നു. അതേസമയം, 40 വർഷത്തിൽ കൂടുതൽ അസ്ഥികൂടത്തിന് പഴക്കം ഇല്ലെന്നാണ് ഗവേഷകർ പറയുന്നത്.
എന്തായാലും വെറും 15 സെന്റീമീറ്റർ മാത്രം വലിപ്പമുള്ള അറ്റയെ മനുഷ്യനായി അംഗീകരിക്കുന്നതിൽ ഇന്നും തർക്കം തുടരുകയാണ്.