തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ (ഐ.എച്ച്.ഡി.ബി) രോഗികൾ ആവശ്യപ്പെടുന്ന മരുന്നുണ്ടോ.. മരുന്നുകൾ വീട്ടിലെത്തിക്കാൻ സൗകര്യമുണ്ടോ.. ഇതറിയാൻ ഇനി അവിടേക്കുതന്നെ പോകണമെന്നില്ല. രോഗികൾക്ക് ആവശ്യമായ മരുന്നുകൾ വീട്ടിലെത്തിക്കുന്നതിനുൾപ്പെടെ മൊബൈൽ ആപ്ളിക്കേഷൻ റെഡി. മരുന്നുകളുടെ വിലയും കിഴിവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ആപ്പിലൂടെ അറിയാം.
മരുന്നുകൾക്കായി മുൻകൂട്ടി ബുക്ക് ചെയ്യാനുമാവും. മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ മാസ്റ്റർപ്ളാൻ പ്രകാരമുള്ള വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ എസ്.എ.ടിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഡ്രഗ് ബാങ്കിൽ എത്താനും വാഹനങ്ങൾ പാർക്ക് ചെയ്യാനും ബുദ്ധിമുട്ടാണ്. ഈയൊരു പശ്ചാത്തലത്തിൽകൂടിയാണ് രോഗികൾക്ക് സൗകര്യപ്രദമാകുംവിധം മൊബൈൽ ആപ്പ് തയാറാക്കിയത്. നൂറിലേറെപേർ ആപ്പ് ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.
മരുന്നുകളുടെ വിലയും അതിന്റെ ലഭ്യതയേയും കുറിച്ച് അന്വേഷിച്ച് ആയിരത്തോളം ഫോൺ കോളുകളാണ് ദിവസവും ഐ.എച്ച്.ഡി.ബിയിൽ വരുന്നത്. അതിനൊരു പരിഹാരംകൂടിയാണ് മൊബൈൽ ആപ്പ്. ഘട്ടംഘട്ടമായി ആപ്ലിക്കേഷൻ കുറച്ചുകൂടി വിപുലമാക്കും. ആറുമാസത്തിനുളളിൽ ആപ്പിന്റെ പൂർണ പതിപ്പ് സജ്ജമാകും. ഉപഭോക്താക്കളുടെ നിർദേശം കൂടി കണക്കിലെടുത്താവും ആപ്പ് വികസിപ്പിക്കുകയെന്ന് അധികൃതർ അറിയിച്ചു.
ആപ്പ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി തുടർന്നുള്ള ഘട്ടങ്ങളിൽ നേരിട്ടുളള ബില്ലിംഗ് ഓപ്ഷൻ നടപ്പാക്കും. അടിയന്തര ഘട്ടത്തിൽ ഡോക്‌ടർമാർക്ക് മരുന്ന് ഓർഡർ ചെയ്യാനുള്ള സൗകര്യവുമുണ്ടാവും. ആപ്ലിക്കേഷൻ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായി ഇത് ഡൗൺലോഡ് ചെയ്യുന്നവർക്ക് അധിക കിഴിവ് നൽകാനും ആലോചനയുണ്ട്. ആപ്പിൽ മരുന്നുകൾ ബുക്ക് ചെയ്യുന്നവർക്ക് ഫാസ്റ്റ് ട്രാക്ക് കൗണ്ടർ സജ്ജീകരിക്കും. കൊറിയർ വഴി മരുന്നുകൾ അയയ്ക്കുന്നതിനുള്ള സൗകര്യവും തയാറാക്കും. അതിനുപക്ഷേ, അധിക ഫീസ് നൽകേണ്ടിവരും.
ആപ്ലിക്കേഷനിൽ മരുന്ന് ബുക്ക് ചെയ്യുന്നവർക്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തും.
1996ൽ ആരംഭിച്ച ഐ.എച്ച്.ഡി.ബി, മുൻ എസ്.എ.ടി സൂപ്രണ്ട് ഡോ.എസ്.ഹരിഹരന്റെ ആശയമായിരുന്നു. തുടക്കത്തിൽ എസ്.എ.ടിയിലെ രോഗികൾക്ക് മാത്രമായിട്ടായിരുന്നു സേവനം പരിമിതപ്പെടുത്തിയിരുന്നതെങ്കിലും പിന്നീടത് മാറ്രി.