varavishesham-

- പിച്ച് ചതിച്ചു എന്ന് പറഞ്ഞാൽ മതി. കൊടുംചതി. സാധാരണ ഇത്തരം പിച്ചുകളിൽ മിഡിൽ ഓർഡറിൽ ഇറങ്ങാറുള്ള ബാറ്റ്സ്മാൻ ആണ് ഏത് പൊസിഷനിലും കഴിവ് തെളിയിച്ചിട്ടുള്ള നമ്മുടെ ആൾറൗണ്ടർ ചോമ്പാല മുല്ലപ്പള്ളിഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഓപ്പണിംഗ് ആയി ഇറങ്ങേണ്ടി വന്നത് യാദൃശ്ചികമായിരുന്നു. ചെന്നിത്തല ഗാന്ധി വിട്ടുകൊടുത്തതല്ല. പിടിച്ചുവാങ്ങി ഓപ്പണിംഗിന് ഇറങ്ങിയതാണ്. ചെന്നിത്തലഗാന്ധി ഇതിൽ കെറുവിച്ച് നിന്നെന്ന് അതിനർത്ഥമില്ല. വിശാലഹൃദയനായത് കൊണ്ട് ചെന്നിത്തലഗാന്ധി അതിലൊന്നും കെറുവിച്ചിട്ടില്ല, അഥവാ കെറുവിക്കുന്ന ടൈപ്പല്ല.

അന്ന് ഓപ്പണിംഗ് സ്ട്രൈക്കറായി ചോമ്പാല ഗാന്ധി ഇറങ്ങിയത് അതൊരു ട്വന്റി- ട്വന്റി മാച്ച് ആയതിനാലായിരുന്നു. വീശിയടിച്ചാണ് ശീലം. കുറ്റി പോകുന്നോ എന്ന് നോക്കാറില്ല: കുറ്റി എന്നുവച്ചാൽ സ്റ്റമ്പ്...സ്റ്റമ്പ്! ആ ട്വന്റി- ട്വന്റിയിൽ പക്ഷേ തൊട്ടതെല്ലാം ബൗണ്ടറിയായി. 99ലെത്തിയപ്പോഴാണ് ഒരു എൽബി ഡബ്‌ള്യുവിൽ കുടുങ്ങിയത്. ആലപ്പുഴ എൽ.ബിയെന്നാണതറിയപ്പെട്ടത്. അത് അമ്പയറുടെ കളിയായിരുന്നോ എന്ന് പോലും ചോമ്പാല ഗാന്ധി അന്ന് സംശയിച്ച് പോയതായിരുന്നു. പിണറായിസഖാവ് നോക്കി കണ്ണുരുട്ടിയതാണോ, അതോ കവിമന്ത്രി സുധാകരസഖാവ് ഗർജ്ജിച്ചതാണോ അമ്പയറെ മാറ്റിച്ചിന്തിപ്പിച്ചത് എന്ന സംശയം രൂഢമൂലമായത് കാരണമാണ് അടുത്ത മാച്ചിൽ സിക്സറടിച്ച് ജയിപ്പിക്കുമെന്ന് ചോമ്പാല ഗാന്ധി തട്ടിവിട്ടത്.

അവിടെയാണ് പിച്ച് ചതിച്ചിരിക്കുന്നത്. മഴ പിച്ചിന്റെ സ്വഭാവം മാറ്റിക്കളഞ്ഞതാണെന്ന് ടെക്നിക്കൽകമ്മിറ്റി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടീം കോച്ച് ചേർത്തലഗാന്ധി അന്തോണിജി ടെക്നിക്കൽകമ്മിറ്റിയുടെ റിപ്പോർട്ട് മുഖവിലയ്ക്കെടുക്കുമെന്ന പ്രതീക്ഷ ചോമ്പാലഗാന്ധിക്കുണ്ട്. അതല്ല ടീം മാനേജർ രാഹുൽമോൻജി മത്സരവേളയിൽ വിട്ടുനിന്നതാവുമോ പിച്ച് ചതിക്കാൻ കാരണമെന്ന സന്ദേഹവും ഉയരുന്നുണ്ട്. വയനാടൻ മല കടന്നുവന്ന രാഹുൽമോനെ ഇത്തവണത്തെ മാച്ചിനിടയിൽ എവിടെയും കണ്ടതേയില്ലെന്ന് കാണികൾക്കിടയിൽ വർത്തമാനമുണ്ട്. രാഹുൽമോൻ സാധാരണ ഗ്യാലറിയിലെങ്കിലും വന്നിരുന്ന് ഒന്ന് കൈവീശിക്കാണിക്കാറുള്ളതാണെങ്കിലും ഇത്തവണ അതുണ്ടായില്ല.

രാഹുൽമോൻജിയുടെ കാര്യമൊക്കെ അവിടെ നിൽക്കട്ടെ, കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തെ ആശ്രയിക്കാതിരുന്നതാണ് പണി പാളിപ്പോയത് എന്നാണ് ടെക്നിക്കൽകമ്മിറ്റി പറയുന്നത്. പിണറായി സഖാവാണെങ്കിൽ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തെ അമിതമായി ആശ്രയിച്ചുവെന്ന സംശയം ടെക്നിക്കൽകമ്മിറ്റിക്കുള്ളിൽ തീവ്രമാണ് താനും. ഏതായാലും ഓപ്പണിംഗ് സ്ട്രൈക്കർ ചോമ്പാലഗാന്ധിക്ക് പണി പാളിയെന്ന് പറഞ്ഞാൽ മതി. സിക്സറടിക്കാൻ ബാറ്റുയർത്തിയപ്പോൾ ആദ്യം തെറിച്ചത് ഓഫ് സ്റ്റമ്പാണ്. പിണറായിസഖാവിന്റെ സമർത്ഥമായ പാലാ യോർക്കർ കുറ്റി തെറിപ്പിച്ചേ അടങ്ങിയുള്ളൂ. രണ്ടാമത്തെ പന്തിൽ ചെന്നിത്തലഗാന്ധി തട്ടിമുട്ടി രക്ഷപ്പെടുമെന്നാണ് കരുതിയത്. പക്ഷേ പിണറായി സഖാവിന്റെ തീപാറുന്ന യോർക്കറിൽ മിഡിൽസ്റ്റമ്പും ലഗ്സ്റ്റമ്പും ഒരുമിച്ചാണ് തെറിച്ചത്.

മഴയത്തും വെയിലത്തും ചതിക്കാത്ത പിച്ചിൽ മതി ഇനി കളി എന്ന് ക്യാപ്റ്റൻ ചോമ്പാലഗാന്ധി ടീം കോച്ചിനോട് ശുപാർശ ചെയ്തതാണ് ഏറ്റവും ഒടുവിൽ കേൾക്കുന്ന വിവരം. ഇല്ലെങ്കിൽ വല്ല വട്ടിയൂർക്കാവ് സ്പിന്നോ കോന്നി യോർക്കറോ വന്ന് കുറ്റി തെറിപ്പിച്ചത് പോലെ ക്ലീൻബൗൾഡ് ആക്കിക്കളഞ്ഞാലോ. ടെസ്റ്ര് മാച്ചാണ് വരാൻ പോകുന്നത്. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.

- ഉപമ കാളിദാസസ്യ എന്ന് പറയുന്നത് പോലെയാണ് ഉപമ അന്ന ഈഡനസ്യ എന്നതും. കൊച്ചിയിലെ വെള്ളപ്പൊക്കത്തെ ബലാത്സംഗത്തോട് അന്ന ഉപമിച്ചത് അതിനാലാണ്. വിധി ബലാത്സംഗം പോലെ, തടയാനായില്ലെങ്കിൽ ആസ്വദിക്കുക എന്ന ചൊല്ല് സൃഷ്ടിച്ചത് കൺഫ്യൂഷ്യസ് ആണെങ്കിലും കൊച്ചിവെള്ളപ്പൊക്കത്തെ ബലാത്സംഗത്തോട് ഉപമിച്ച കാവ്യഭാവന അന്നയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് വിദഗ്ധനിരൂപകർ സാക്ഷ്യപ്പെടുത്തുന്നു. കാളിദാസന് ശേഷം ആര് എന്ന ചോദ്യത്തിന് ഇനി ഉത്തരം തേടി അലയേണ്ട. അന്ന ഈഡനല്ലാതെ മറ്റാരാണ്!

ഇ-മെയിൽ: dronar.keralakaumudi@gmail.com