ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ ഉന്നതവിദ്യാഭ്യാസത്തിനു മാത്രമായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചത്. ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള സർവകലാശാലകളും കോളേജുകളും സംസ്ഥാനത്തുണ്ടാകണമെന്നും അദ്ധ്യാപന - അദ്ധ്യയന മേഖലകൾ ഉയർന്ന അക്കാഡമിക് നിലവാരത്തിൽ അറിയപ്പെടണമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായിട്ടാണ് വകുപ്പിന്റെ പ്രവർത്തനം.
സർവകലാശാലകളിലെ സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരുടെ കാലാവധി രാജ്യത്തെ മികച്ച സർവകലാശാലകളിലേതിന് സമാനമായി നാലുവർഷമായി നിജപ്പെടുത്തി. മുൻകാലങ്ങളിൽ വൈസ് ചാൻസലർ നിയമനങ്ങൾ ജാതിമതാടിസ്ഥാനത്തിൽ വീതം വയ്ക്കുകയായിരുന്നു. ഒരു വൈസ് ചാൻസലറെ യോഗ്യനല്ലെന്ന് കണ്ട് ഗവർണർ തന്നെ പുറത്താക്കുകയുമുണ്ടായി. ഒരു വർഷത്തിനുള്ളിൽ അഞ്ച് സർവകലാശാലകളിൽ അക്കാഡമിക് രംഗത്തെ പ്രഗത്ഭരെ വൈസ് ചാൻസലർമാരായി നിയമിച്ചു. പരീക്ഷാനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഫലപ്രഖ്യാപനങ്ങൾ കാലവിളംബം കൂടാതെ നടത്താനും കഴിഞ്ഞു. സർവകലാശാലകൾ വ്യത്യസ്ത തീയതിയിൽ ആരംഭിച്ചിരുന്ന ഒന്നാംവർഷ ബിരുദ, ബിരുദാനന്തര ക്ളാസുകൾ ഈ വർഷം ഏകീകരിച്ചു. മുൻകാലങ്ങളിൽ സെപ്തംബർ - ഒക്ടോബർ മാസം വരെ നീണ്ടുപോയ ഫലപ്രഖ്യാപനങ്ങൾ ഏപ്രിൽ - മേയ് മാസങ്ങളിലാക്കി. ഇതുമൂലം നിരവധി കുട്ടികൾക്ക് ബിരുദാനന്തരബിരുദ പഠനത്തിനും, ഗവേഷണത്തിനും കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിൽ മെരിറ്റിൽത്തന്നെ ചേരാനായി. മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, കോളേജ് മാറ്റം, കൺഡോണേഷൻ, തുല്യതാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ, ഹാൾടിക്കറ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ എന്നിവയെല്ലാം മിക്ക സർവകലാശാലകളും ഓൺലൈനിൽ ലഭ്യമാക്കി. കേരളത്തിലെ സർവകലാശാലകൾ നൽകുന്ന ബിരുദങ്ങൾ പരസ്പരം അംഗീകരിക്കാത്ത സാഹചര്യം അവസാനിപ്പിച്ച് ദേശീയപ്രാധാന്യമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, യു.ജി.സി അംഗീകാരമുള്ള സർവകലാശാലകൾ എന്നിവ നൽകുന്ന ബിരുദങ്ങൾ കേരളത്തിലെ സർവകലാശാലകളും തൊഴിൽദാതാക്കളും ഇക്വലൻസി സർട്ടിഫിക്കറ്റ് ഇല്ലാതെ അംഗീകരിക്കണമെന്ന് ഉത്തരവായി.
പിന്നാക്ക മേഖലകളിൽ കോടികളുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് പൂർത്തീകരിക്കപ്പെട്ടത്. സർവകലാശാലകൾ, കോളേജുകൾ എന്നിവിടങ്ങളിലെ അടിസ്ഥാന വികസനത്തിനായുള്ള റൂസ പദ്ധതി ഒന്നാംഘട്ടത്തിന് 194 കോടി രൂപയും രണ്ടാംഘട്ടത്തിന് 374 കോടിരൂപയും അനുവദിക്കപ്പെട്ടു. 40 ശതമാനം സംസ്ഥാന സർക്കാർ വിഹിതമാണ്. കിഫ്ബിയിലൂടെ അഞ്ച് പൈതൃക കോളേജുകൾ മെച്ചപ്പെടുത്തി. കുസാറ്റിന് കിഫ്ബിയിലൂടെ 240 കോടി അനുവദിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനങ്ങളുടെയും ഉടമാവകാശരേഖകൾ സമാഹരിക്കാൻ പ്രോപ്പർട്ടി മാനേജ്മെന്റ് സെൽ രൂപീകരിച്ചു. സർവകലാശാലകളിൽ 2198 അസിസ്റ്റന്റ്, 825 കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനങ്ങൾ നടത്തി. സർക്കാർ എൻജിനിയറിംഗ്, പോളിടെക്നിക് കോളേജുകളിലായി 497 അദ്ധ്യാപക തസ്തികകളിലേക്കും ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 692 അദ്ധ്യാപക തസ്തികകളിലേക്കും 507 അനദ്ധ്യാപക തസ്തികകളിലേക്കും നിയമനം പൂർത്തിയാക്കി. 2019-20 അദ്ധ്യയനവർഷം അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയ സ്വാശ്രയ കോളേജുകളിൽ ഒാരോ യു.ജി അല്ലെങ്കിൽ പി.ജി പ്രോഗ്രാം വീതം അനുവദിച്ച് ഉത്തരവിറക്കി. ആർട്സ് ആൻഡ് സയൻസ് കോളേജിൽ പതിനയ്യായിരത്തോളം സീറ്റുകളാണ് ഇൗ വർഷം വർദ്ധിപ്പിച്ചത്.
കേരളത്തിലാദ്യമായി ആർട്ടിഫിഷ്യൻ ഇന്റലിജൻസ്, റോബോട്ടിക്സ് എൻജിനിയറിംഗ്, ബാച്ചിലർ ഇൻ ഡിസൈനിംഗ് എന്നിവയിൽ ബിരുദ -ബിരുദാനന്തര പഠനം ആരംഭിച്ചു. പത്തുവർഷമായി മുടങ്ങിക്കിടന്നിരുന്ന എൻജിനിയറിംഗ് കോളേജ് അദ്ധ്യാപകരുടെ പ്രൊമോഷനും പ്ളേസ്മെന്റും യാഥാർത്ഥ്യമാക്കി. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ അദ്ധ്യാപകരുടെ , വർഷങ്ങളായി മുടങ്ങിയ പ്ളേസ്മെന്റ് നൽകി.
മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്തവരാണ് സർവകലാശാലകൾക്കെതിരെയും എനിക്കെതിരെയും ദുരാരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. സർവകലാശാലയിലെ ക്രിയാത്മകമായ മാറ്റങ്ങൾക്ക് നേതൃത്വപരമായ പങ്കല്ലാതെ മറ്റൊരു ഇടപെടലും ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തിയിട്ടില്ല. മഹാത്മാഗാന്ധി സർവകലാശാലയിൽ നടന്നുവെന്ന് പറയപ്പെടുന്ന പോസ്റ്റ് മോഡറേഷൻ സിൻഡിക്കേറ്റാണ് തീരുമാനിച്ചത്. അദാലത്തിലല്ല. അതിൽ മന്ത്രിക്കോ മന്ത്രിയുടെ ഒാഫീസിനോ യാതൊരു പങ്കുമില്ല. 2012 ൽ യു.ഡി.എഫ് കാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റും അതേവർഷം തന്നെ കുസാറ്റിലും സമാനമായ പോസ്റ്റ് മോഡറേഷൻ ബിടെക് കോഴ്സിന് നൽകിയിരുന്നു. ശ്രീഹരിയെന്ന മിടുക്കനായ എൻജിനിയറിംഗ് വിദ്യാർത്ഥിയുടെ കാര്യത്തിലും വിജി എന്ന അനാഥ പെൺകുട്ടിയുടെ കാര്യത്തിലും ഭരണാധികാരിയിൽ നിക്ഷിപ്തമായ ചുമതല മാത്രമാണ് നിർവഹിച്ചത്. ദുരാരോപണങ്ങൾ ഉന്നയിച്ച് ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ മാറ്റങ്ങളെ അട്ടിമറിക്കാനുള്ള പ്രചാരണങ്ങൾ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയും.