വാളയാർ അട്ടപ്പള്ളത്ത് ദളിത് വിഭാഗത്തിൽപ്പെട്ട രണ്ട് സഹോദരിമാരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പ്രതികളെക്കൂടി പാലക്കാട് ഫസ്റ്റ് അഡിഷണൽ ഡിസ്ട്രിക്ട് കോടതി വെറുതേ വിട്ടുവെന്ന വാർത്ത സ്ത്രീസുരക്ഷയ്ക്കുവേണ്ടി വെറുതേ വായിട്ടലയ്ക്കുന്നവരുടെ നേർക്ക് എടുത്താൽ പൊങ്ങാത്ത ചോദ്യമാണ് ഉന്നയിക്കുന്നത്. പതിമൂന്നും ഒൻപതും വയസു മാത്രം പ്രായമുള്ള ആ കുട്ടികളുടെ ജഡം ദ്രവിച്ചു വീഴാറായ ഒറ്റമുറി കൂരയുടെ ജനാലപ്പടിയിൽ തൂങ്ങിനിൽക്കുന്ന രൂപത്തിലാണ് കണ്ടെത്തിയത്. രണ്ട് മരണങ്ങൾക്കിടയിൽ 52 ദിവസത്തെ ഇടവേളയുണ്ടായിരുന്നു. അയൽവാസി ഉൾപ്പെടെ അഞ്ച് പ്രതികളാണു കേസിലുള്ളത്. ഒരാളെ നേരത്തെ തന്നെ വെറുതേ വിട്ടിരുന്നു. മൂന്നുപേരെ കൂടി വെള്ളിയാഴ്ച കോടതി കുറ്റവിമുക്തരാക്കിയതോടെ ഇനി ഒരു പ്രതിയുടെ കേസിലാണ് വിധി വരാനുള്ളത്. ആൾ പ്രായപൂർത്തിയാകാത്ത പതിനാറുകാരനായതിനാൽ ജുവനൈൽ കോടതിയാണ് വിധി പറയേണ്ടത്. വിചാരണ പൂർത്തിയായി. ഇനി വിധിപ്രസ്താവം വന്നാൽ മതി. മറ്റു നാലു പ്രതികളും കുറ്റവിമുക്തരായ പശ്ചാത്തലത്തിൽ ഈ പ്രതിയും സ്വതന്ത്രനാകാനാണു വഴി.
സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുകയും ഏറെ വിവാദങ്ങൾക്കു തിരികൊളുത്തുകയും ചെയ്ത പീഡന കേസായിട്ടും പ്രതികൾ ശിക്ഷിക്കപ്പെടാതെ പോയതിൽ അത്ഭുതം കൂറിയിട്ട് കാര്യമില്ല. പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ തെളിവുകൾ കോടതിക്കു ബോദ്ധ്യപ്പെടണം. പൊലീസിന്റെ അന്വേഷണം സംശയലേശമെന്യേ കുറ്റം തെളിയിക്കുന്ന വിധത്തിലാകണം. കുറ്റപത്രം പിഴവില്ലാത്ത വിധം എഴുതപ്പെടണം. പ്രോസിക്യൂഷൻ ഭാഗത്തിന് ചാഞ്ചല്യമോ വഴിതെറ്റലോ സംഭവിക്കരുതാത്ത വിധം എല്ലാ പഴുതുകളും അടയ്ക്കുന്ന വിധത്തിലാകണം കേസിന്റെ നാൾവഴി. പ്രതികളിൽ കുറ്റം ചാർത്തിയാൽ മാത്രം പോരാ. അതു കോടതിയെ ബോദ്ധ്യപ്പെടുത്തും വിധം തെളിയിക്കുകയും വേണം. പാവപ്പെട്ട ആ പെൺകുട്ടികളെ കുരുന്നുപ്രായത്തിൽ കശക്കിയെറിഞ്ഞ നരാധമന്മാരെ തുറുങ്കിലടയ്ക്കാൻ നിയമ - നീതിന്യായ സംവിധാനങ്ങൾക്കു കഴിയാതെ പോയത് കേസ് കൈകാര്യം ചെയ്ത പൊലീസിന്റെ ഗുരുതരമായ വീഴ്ചയായേ കാണാനാവൂ. ഈ സഹോദരിമാരുടെ കാര്യത്തിൽ മാത്രമല്ല ദരിദ്രവിഭാഗത്തിൽപ്പെടുന്ന ഏതു കുടുംബത്തിനും സംഭവിക്കുന്ന സമാന കേസുകളിലും ഏറിയും കുറഞ്ഞും ഇതുതന്നെയാണ് അനുഭവം.
അട്ടപ്പള്ളത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട രണ്ട് കുട്ടികളും ക്രൂരമായ ലൈംഗിക പീഡനങ്ങൾക്കിരയായിട്ടുള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നതു കൊണ്ടുമാത്രമാണ് ആ വഴിക്ക് കേസന്വേഷണം നീണ്ടത്. ലോക്കൽ പൊലീസ് ആത്മഹത്യയെന്ന് പറഞ്ഞ് എഴുതിത്തള്ളാൻ ശ്രമിച്ച കേസ് വിവാദമുയർന്നപ്പോഴാണ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്പിച്ചത്. ആദ്യ അന്വേഷണത്തിൽ വീഴ്ച കാണിച്ച എസ്.ഐയെ സസ്‌പെൻഡ് ചെയ്തിരുന്നു. സി.ഐയ്ക്കും ഡിവൈ.എസ്.പിക്കുമെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇവർക്കൊന്നും ഒരു പോറൽ പോലും ഉണ്ടായില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. മൂത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനു മാതാവ് ദൃക്സാക്ഷിയാണ്. ആ വിവരം പൊലീസിനോട് പറയുകയും ചെയ്തു.
തെളിവുകൾ ശക്തമായിരുന്നിട്ടും വിചാരണയിൽ അതൊന്നും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ പോയി.
കോടതി കേസിൽ വിധി പറയുന്ന ദിവസം ആ വിവരം കുടുംബത്തെ അറിയിച്ചുപോലുമില്ലെന്ന അവരുടെ പരാതിയും കൂട്ടത്തിലുണ്ട്. ഈ വക സംഗതികളിൽ പാവങ്ങളുടെ അജ്ഞത പരമാവധി മുതലെടുക്കുന്നതിൽ അധികാരിവർഗം കാണിക്കുന്ന ധാർഷ്ട്യവും അവഗണനയും അങ്ങേയറ്റം ക്രൂരമാണ്. തെളിവുകളില്ലാതെ പ്രതികളെ വെറുതേ വിട്ട കോടതി വിധി തങ്ങൾക്കു താങ്ങാനേ കഴിയുന്നില്ലെന്നാണ് പെൺകുട്ടികളുടെ മാതാവ് കോടതിയുടെ തീർപ്പ് അറിഞ്ഞപ്പോൾ പ്രതികരിച്ചത്. പൊലീസോ കേസ് വാദിച്ച അഭിഭാഷകരോ പോലും വിധിദിനം അവരെ അറിയിക്കാതിരുന്നതിനു പിന്നിലും കാണാം അധികാരവർഗത്തിന്റെ സ്വതസിദ്ധമായ മനുഷ്യപ്പറ്റില്ലായ്മ. ചോദിക്കാനും പറയാനും ആരോരുമില്ലാത്തവരുടെ കാര്യത്തിൽ നിയമവും നീതിയുമൊക്കെ പലപ്പോഴും കണ്ണടയ്ക്കാറാണു പതിവ്. മകളെ പ്രതികളിലൊരാൾ പീഡിപ്പിക്കുന്നത് നേരിൽ കണ്ട കാര്യം സാക്ഷിവിസ്താരത്തിനിടെ കോടതിയിൽ തുറന്നു പറഞ്ഞതു പോലും തെളിവാകാതെ പോയി. എട്ടടി ഉയരത്തിലുള്ള കഴുക്കോലിൽ തൂങ്ങിനിൽക്കുന്ന രൂപത്തിലാണ് രണ്ട് കുട്ടികളുടെയും ജഡങ്ങൾ കണ്ടെത്തുന്നത്. ആദ്യ മരണമുണ്ടായതിന്റെ 52-ാം ദിവസം അതേ സ്ഥാനത്തുതന്നെയാണ് ഒൻപതുകാരിയുടെ തൂങ്ങിനിൽക്കുന്ന ജഡവും കണ്ടത്. മരണം ആത്മഹത്യയായി എഴുതിത്തള്ളാൻ അന്വേഷണസംഘം ആദ്യംതൊട്ടേ വ്യഗ്രത കാണിച്ചിരുന്നു.
പോക്സോ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട കർക്കശ മാനദണ്ഡങ്ങൾ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള അലംഭാവവും അന്വേഷണത്തിൽ ഉണ്ടാകരുതെന്ന് പ്രത്യേകം നിഷ്‌കർഷിച്ചിട്ടും അട്ടപ്പള്ളത്തെ സാധു കുടുംബത്തിലെ രണ്ട് പിഞ്ചു സഹോദരിമാർക്കുണ്ടായ ദുര്യോഗം ഓർത്ത് വിലപിക്കാൻ അവരുടെ അമ്മ മാത്രമേ ഉള്ളൂ എന്നു വരുന്നത് നിയമ നടത്തിപ്പിലെ ഏറ്റവും വലിയ പോരായ്മയായി എക്കാലവും ശേഷിക്കും. ജില്ലാ കോടതി വിധിക്കെതിരെ സർക്കാർ മേൽകോടതിയിൽ ഉടൻ അപ്പീൽ പോവുകയാണു വേണ്ടത്. സമർത്ഥരായ അഭിഭാഷകരെ വച്ച് വാദിച്ച് പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുകയും വേണം. തെളിവുകളൊക്കെ എവിടെയോ കളഞ്ഞുകുളിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ അന്വേഷണ പാടവം സത്യസന്ധമായി വിലയിരുത്തുകയും വേണം. പോക്സോ കേസുകളിൽ നല്ലൊരു ഭാഗം കോടതികളിലെത്തുമ്പോൾ ആവിയായി പോകാതിരിക്കാൻ അതു സഹായിക്കും.