മദ്ധ്യവേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കേണ്ട കാലമായി. ഈ സമയത്ത് പലരും കുട്ടികളുമൊത്ത് സന്ദർശനത്തിനു വരാറുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം ശോഭനമായിരിക്കാനുള്ള അനുഗ്രഹം തേടിയാണ് പലരും വരുന്നത്. അക്കൂട്ടത്തിലുള്ള ഒരു കുടുംബം. പെട്ടെന്ന് അച്ഛന്റെ ഭാഗത്തു നിന്നൊരു ചോദ്യം:
''വിദ്യാസമ്പന്നരുടെയിടയിൽ പോലും അന്ധവിശ്വാസം കൂടിക്കൂടി വരുന്നതെന്തുകൊണ്ടാണ്?
''ഇന്നത്തെ മാതിരിയുള്ള വിദ്യാഭ്യാസം ലഭിക്കുന്ന ആർക്കും വ്യക്തമായ ജീവിതവീക്ഷണമുണ്ടായിരിക്കണമെന്നില്ല. അത്തരമൊരു ജീവിത വീക്ഷണമുണ്ടായിരിക്കത്തക്ക വണ്ണമുള്ള ഒരു ആദ്ധ്യാത്മിക സംസ്കാരം നമുക്കുണ്ട്. എന്നാൽ അതുമായി ഒരു പരിചയവും ലഭിക്കാൻ ആധുനിക വിദ്യാഭ്യാസം അവസരം നൽകുന്നില്ല.
'' പഠിച്ച് നല്ല തൊഴിൽ നേടി, ധാരാളം പണമുണ്ടാക്കാനുള്ള തത്രപ്പാടിനിടയിൽ മറന്നുപോകുന്ന ഒന്നാണ് ജീവിതവും അതിന്റെ ലക്ഷ്യവും. ഈ അറിവില്ലാതിരിക്കെ, പണമുണ്ടാക്കാനുള്ള തിരക്കിനിടയിൽ പലതരത്തിലുള്ള പ്രശ്നങ്ങളും പിരിമുറുക്കങ്ങളും വന്നുപെടും. അപ്പോൾ, എത്രയും പെട്ടെന്നൊരു ആശ്വാസമോ പരിഹാരമോ എന്ന നിലയിൽ, ആരുടെയെങ്കിലും പ്രേരണയാലോ, പരസ്യങ്ങൾ കണ്ടിട്ടോ, കുറുക്കുവഴിയെന്ന നിലയിൽ പൂജാദികളും വഴിപാടുകളും തുടങ്ങും. അതുകൊണ്ടും പ്രശ്നം അവസാനിച്ചില്ലെങ്കിൽ ഏതെങ്കിലും ജ്യോത്സ്യരെ പോയി കാണും. ഏതെങ്കിലും ജ്യോത്സ്യനുണ്ടോ, ഗണിച്ചു നോക്കിയിട്ട് 'നിങ്ങൾക്കൊരു ദോഷവും കാണുന്നില്ലല്ലോ" എന്നു പറയുന്നതായിട്ട്?"
''അതില്ല. 'ചില ദോഷങ്ങളൊക്കെ കാണുന്നുണ്ട്" എന്നേ പറയൂ."
''ജ്യോത്സ്യൻ ഉടനെ ഒരു പരിഹാരകർമ്മം നിർദ്ദേശിക്കും. നല്ല ഒരു തന്ത്രിയെയും നിർദ്ദേശിച്ചു കൊടുക്കും. ഇതു തന്ത്രിമാരും ജോത്സ്യന്മാരും തമ്മിലുള്ള കൂട്ടുകച്ചവടമാണ്.
''പരിഹാരകർമ്മം നീണ്ടുപോകും. എന്നാലും പ്രശ്നം തീർന്നെന്നു വരില്ല. ഇല്ലാത്ത പ്രശ്നം എങ്ങനെ തീരാനാണ് !
''ചെറുപ്പം മുതൽതന്നെ ശരിയായ ആദ്ധ്യാത്മിക സംസ്കാരവുമായി പരിചയപ്പെട്ടു വളർന്നിരുന്നെങ്കിൽ ഈ കെണിയിൽ ചെന്നു പെടില്ലായിരുന്നു. ജീവിതം സ്വസ്ഥതയുള്ളതായിരിക്കുകയും ചെയ്യുമായിരുന്നു."
''അമ്പലത്തിൽപ്പോക്ക് ആദ്ധ്യാത്മിക സ്വഭാവമുള്ളതല്ലേ ?"
''അതും ഒരു തെറ്റിദ്ധാരണയാണ്. സ്വാത്മാവിനെ അഥവാ തന്നെത്തന്നെ വേണ്ടവണ്ണം അറിയുന്നതിൽ അധിഷ്ഠിതമായ സംസ്കാരമാണ് ആദ്ധ്യാത്മിക സംസ്കാരം."
'' ആ സംസ്കാരം നേടാൻ എന്താണ് വഴി?"
''ഉപനിഷത്തുകളുടെ കാലം മുതൽ നാരായണഗുരുവിന്റെ കാലം വരെ മഹാഗുരുക്കന്മാർ പറഞ്ഞുവച്ചിരിക്കുന്ന വാക്കുകളിലെ പൊരുളുമായി പരിചയപ്പെടുക; അവ വീണ്ടും വീണ്ടും മനനം ചെയ്യുക. ഇതു കുട്ടിക്കാലം മുതൽ തുടങ്ങണം."