വാഷിംഗ്ടൺ: തനിയെ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിൽ കയറി സൂപ്പറായി വാഹനമോടിച്ച് പോകുന്ന എലികൾ... സ്വപ്നം കണ്ടെതാണെന്ന് കരുതിയെങ്കിൽ തെറ്റി.നൂറുശതമാനം സത്യം. വെർജീനിയയിലെ റിച്ച്മണ്ട് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞരാണ് ഈ അമ്പരപ്പിക്കുന്ന കണ്ടെത്തലിനു പിന്നിൽ.
എലികൾക്ക് പാകമാകുന്ന കുഞ്ഞ് മോട്ടോർ കാറുകൾ ഇവർ ആദ്യം രൂപകല്പനചെയ്തു. അതിനുശേഷം എലികൾക്ക് ഇൗ കാറുകൾ ഒാടിക്കാനുള്ള പരിശീലനവും നൽകി. വളരെയധികം ബുദ്ധിശക്തിയുള്ള ജീവികളാണ് എലികൾ എന്ന് ചില പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞർ ഇത്തരമൊരു പരിശ്രമത്തിന് മുതിർന്നത്. ആറ് പെൺ എലികൾക്കും 11 ആൺ എലികൾക്കുമാണ് കാർ ഒാടിക്കാനുള്ള പരിശീലനം നൽകിയത്. ശാസ്ത്രജ്ഞരെ അമ്പരപ്പിച്ച് വളരെ വേഗത്തിൽ ഇവറ്റകൾ കാറോടിക്കാൻ പഠിച്ചു. എന്നുമാത്രമല്ല , ഒരുമടിയോ അറപ്പോ കൂടാതെ എലികൾ കാറോടിക്കുകയും ചെയ്തു. എലികൾ കാറോടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വളരെ ബുദ്ധിമുട്ടുള്ള ഒരുകാര്യം പഠിച്ചുകഴിയുമ്പോൾ എലികളിൽ വളരെയധികം സന്തോഷം കാണുന്നു എന്നാണ് ഗവേഷകർ പറയുന്നത്. ഹോർമോണുകളുടെ വ്യത്യാസം അളന്നാണ് ഇൗ നിഗമനത്തിലെത്തിയത്. ഏറെ സാമൂഹിക താൽപര്യങ്ങളുമുള്ള ജീവികളാണ് എലികൾ എന്ന് മുമ്പ് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.