കിളിമാനൂർ: ലഹരിക്ക് അടിമപ്പെടുന്ന കുടുംബങ്ങളുടെ ദുരവസ്ഥ ചൂണ്ടി കാട്ടി കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മദ്യം മയക്കുമരുന്ന് വിപത്തുകൾക്കെതിരെയുള്ള ബോധവത്കരണ നാടകം ശ്രദ്ധേയമായി.
കൊടുവഴന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് കഴിഞ്ഞ ദിവസം ജനമൈത്രി പൊലീസിന്റെ അഭിമുഖ്യത്തിൽ "പാഠം ഒന്ന്, ഒരു മദ്യപന്റെ ആത്മകഥ " എന്ന നാടകം അവതരിപ്പിച്ചത്. കൊടുവഴന്നൂർ കനിവ് ചാരിറ്റബിൾ ട്രസ്റ്റ്, ഓർമ്മച്ചെപ്പ് - 92 എന്നിവയുടെ ആഭിമുഖ്യത്തിലാണ് ജനമൈത്രി പൊലിസ് നാടകസംഘം നാടകം അവതരിപ്പിച്ചത്. ആറ്റിങ്ങൽ എക്സൈസ് സി.ഐ ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കനിവ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി കെ. വിജയകുമാർ, പി.ടി.എ പ്രസിഡന്റ് കെ.പി. സുരേന്ദ്രൻ, ഓർമ്മച്ചെപ്പ് ഭാരവാഹി എസ്. ലിനേജ്, ഹെഡ്മിസ്ട്രസ് എം. നുജുമ എന്നിവർ സംസാരിച്ചു. എ.ഡി.ജി.പി സന്ധ്യയുടെ ആശയമാണ് സംവിധായകൻ അനിൽ കാരേറ്റ് നാടകമാക്കിയത്. എസ്.ഐ കെ.നുജുമുദീനാണ് ടീം കോ-ഓർഡിനേറ്റർ, പൊലീസുകാരായ എം. ഷറഫുദ്ദീൻ, എ. നിസാറുദീൻ, എസ്. ആര്യ ദേവി, ജി. സുരേഷ് കുമാർ, എസ്. സുനിൽ കുമാർ, വി. സുധർമൻ, എം.എ ഷംനാദ് എന്നിവരാണ് അഭിനേതാക്കൾ.