tvm-corporation

തിരുവനന്തപുരം : മേയർ സ്ഥാനം രാജിവയ്ക്കുന്നതിന് മുമ്പ് വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ കൗൺസിൽ യോഗം ചേരാനുള്ള ഭരണപക്ഷത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. കൗൺസിൽ ചേരാനുള്ള നീക്കത്തെ പ്രതിരോധിച്ച് ബി.ജെ.പി രംഗത്ത് എത്തിയതിന് പിന്നാലെയാണ് യോഗം റദ്ദാക്കി രാജി സമർപ്പിച്ചത്. രാജിവയ്ക്കുന്നതിന് മുമ്പ് കൗൺസിലർമാരോട് നന്ദി പറയുന്നതിനായി സാധാരണ കൗൺസിൽ യോഗം നടത്താനായിരുന്നു വെള്ളിയാഴ്ച രാവിലെ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് കൗൺസിലർമാർക്ക് അറിയിപ്പും നൽകി. എന്നാൽ ഇതിനെതിരെ ബി.ജെ.പി അംഗങ്ങൾ തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസിന് പരാതി നൽകി. മൂന്ന് ദിവസം മുമ്പെങ്കിലും യോഗത്തിന്റെ അജൻ‌ഡ‌ അംഗങ്ങൾക്ക് നൽകണമെന്നാണ് ചട്ടം. എന്നാൽ ഇന്നലെയാണ് കൗൺസിൽ ചേരുന്നതിനുള്ള അറിയിപ്പും അജൻഡയും അംഗങ്ങൾക്ക് ലഭിച്ചതെന്നും ഇത് ചട്ടവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു പരാതി. വകുപ്പ് സെക്രട്ടറി നഗരസഭയോട് വിശദീകരണം തേടിയതിനെ തുടർന്ന് കൗൺസിൽ റദ്ദാക്കിയതായി നഗരസഭ സെക്രട്ടറി റിപ്പോർട്ട് നൽകി. പിന്നീട് ജനകീയാസൂത്രണം എന്ന ഒറ്റ അജൻ‌ഡയിലൊതുക്കി അടിയന്തര കൗൺസിൽ 2.30ന് ചേരാൻ മേയർ തീരുമാനിച്ചു. അനാവശ്യ വിവാദങ്ങൾക്ക് വഴിവയ്ക്കേണ്ടെന്ന പാർട്ടി നിർദേശം വന്നതിനെ തുടർന്ന് 11ഓടെ കൗൺസിൽ മാറ്റിവയ്ക്കുകയായിരുന്നു. ഇതോടെ മറ്റു കൗൺസിലർമാർക്കൊപ്പമുള്ള ഫോട്ടോ സെഷൻ ഉൾപ്പെടെ ഒഴിവാക്കേണ്ടി വന്നു. എന്നാൽ കൗൺസിൽ മാറ്റിവച്ചതിനെതിരെ യു.ഡി.എഫ് രംഗത്തെത്തി. വിളിച്ച കൗൺസിൽ യോഗം റദ്ദാക്കി അംഗങ്ങളോട് നന്ദി പറയാതെ പോയ മേയറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നാണ് യു.ഡി.എഫ് പാർട്ടി ലീഡർ ഡി. അനിൽകുമാർ പറഞ്ഞു. എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട മേയർക്ക് കൗൺസിൽ വിളിക്കാൻ അധികാരമില്ലെന്നും ഇത് തിരിച്ചറിഞ്ഞാണ് അവസാനനിമിഷം കൗൺസിൽ റദ്ദാക്കിയതെന്നും ബി.ജെ.പി നേതാവ് എം.ആർ. ഗോപൻ പറഞ്ഞു.

വേദനയോടെ പടിയിറങ്ങുന്നു : വി.കെ.പ്രശാന്ത

രാജിവയ്ക്കുന്നതിന് മുമ്പ് കൗൺസിൽ യോഗം ചേരാൻ കഴിയാത്തിൽ വേദനയുണ്ട്.പ്രത്യേക സാഹചര്യം കാരണമാണ് കൗൺസിൽ റദ്ദാക്കിയത്.കുടുംബത്തിൽ നിന്ന് വിട്ടുപോകുന്നത് പോലെയാണ്.നിവരധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാധിച്ചു.അതിനെല്ലാം തുടർച്ചയുണ്ടാകും.ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും ഭാഗത്തു നിന്ന് സഹകരണം ലഭിച്ചു.പുതിയ മേയറെ പാർട്ടി തിരഞ്ഞെടുക്കുമെന്നും പ്രശാന്ത് പറഞ്ഞു.