തിരുവനന്തപുരം: ചാൻസലറായ ഗവർണറുടെ അനുമതി വാങ്ങാതെ മാർക്ക് ദാനം റദ്ദാക്കാനുള്ള എം.ജി.സർവ്വകലാശാലാ സിൻഡിക്കേറ്റിന്റെ തീരുമാനം കള്ളക്കളിയും തട്ടിപ്പുമാണെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് വീണ്ടും കത്ത് നൽകി.
എം.ജി.സർവ്വകലാശാലാ നിയമമനുസരിച്ച് സർവ്വകലാശാല നൽകിയ ഡിഗ്രിയും ഡിപ്ലോമയും പിൻവലിക്കുന്നതിന് ഗവർണറുടെ അനുമതി വാങ്ങണം. അത് ചെയ്യാതെയാണ് മാർക്ക്ദാനം വഴി നൽകിയ ബിരുദങ്ങൾ പിൻവലിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്. വിഷയം കോടതിയിലെത്തുന്നതിനും ക്രമവിരുദ്ധമായ തീരുമാനം റദ്ദാക്കുന്നതിനും ഇത് വഴിയൊരുക്കും.
മാർക്ക്ദാന വിഷയം ഗവർണറുടെ പരിഗണനയിലിരിക്കുമ്പോഴാണ് ക്രമവിരുദ്ധമായ തീരുമാനമെടുത്തിരിക്കുന്നത്. അതിനാൽ സർവ്വകലാശാല നിയമം 7(4) വകുപ്പ് ചാൻസലർക്ക് നൽകുന്ന അധികാരമുപയോഗിച്ച് ഗവർണർ സിൻഡിക്കേറ്റിന്റെ എല്ലാ തീരുമാനങ്ങളും റദ്ദാക്കണമെന്നും സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല അഭ്യർത്ഥിച്ചു.