വക്കം: വക്കത്തെ തോപ്പിൽക്കുളത്തിന്റെ മുകളിലൂടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ സമരവുമായി നാട്ടുകാർ. തോപ്പിൽക്കുളം മുതൽ വലിയ പള്ളി വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലുള്ള ചെറിയ വഴി വാഹനം കടന്ന് പോകുന്ന തരത്തിൽ വലുതാക്കാനാണ് പദ്ധതി. ഇതിനായി ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് റോഡ് വികസന പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ ഈ മേഖലയിൽ താമസിക്കുന്ന ചിലർ സ്ഥലം വിട്ട് കൊടുക്കാനും തയ്യാറായില്ലെന്ന് അറിയിച്ചതോടെയാണ് റോഡ് വികസനത്തിനെതിരെ നാട്ടുകാർ രംഗത്ത് എത്തിയത്. മൂന്ന് സെന്റിൽ താമസിക്കുന്ന അമ്പി മുതൽ എതിർക്കുന്നവരുടെ പട്ടികയിലുണ്ട്. കണ്ണുകീറിയമ്പലത്തിന്റെ ക്ഷേത്രക്കുളമാണന്നും, ഇവിടെയാണ് ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് നടത്തുന്നതെന്നും നാട്ടുകാർ പറഞ്ഞു. ഇതിനു പുറമേ പുത്തൻ നട, പുതിയകാവ്, ദൈവപ്പുര, തണ്ണിവിള, തുടങ്ങി ഏഴ് അമ്പലങ്ങളുടെ ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് നടക്കുന്നതും ഇവിടെയാണെന്നാണ് നാട്ടുകാർ പറയുന്നത്. മുൻപ് വിസ്തൃതമായ കുളം പല ഘട്ടങ്ങളിൽ കൈയേറ്റങ്ങൾക്ക് വിധേയമായി കഴിഞ്ഞു. ഇപ്പോൾ ഇത് ഒരു ചെറിയ കുളമായി മാറിക്കഴിഞ്ഞു. ചുറ്റും പാറകൊണ്ട് കെട്ടിയ കുളത്തിൽ തെളിഞ്ഞ നീരുറവയാണ്. ഇതിനാൽ തന്നെ കുളത്തിൽ നീന്തൽ പഠിക്കാൻ നിത്യവും നിരവധി പേർ എത്തുന്നുണ്ട്. റോഡ് വികസനത്തിന് തങ്ങൾ എതിരല്ലെന്നും നിലവിൽ കുളത്തിന്റെ വിസ്തൃതി കുറയ്ക്കുന്ന തരത്തിലുള്ള യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും നാട്ടുകാർ പറയുന്നു. കുളത്തിൽ പില്ലറുകൾ സ്ഥാപിച്ച് അതിന് മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ പാകി കൈവരിയും സ്ഥാപിച്ച് റോഡ് നിർമ്മിക്കാനാണ് പദ്ധതി. റോഡിനാവശ്യമായ സ്ഥലം ഏറ്റെടുക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിലും നാട്ടുകാർ ദുരുഹതയുണ്ടന്ന് പറയുന്നു. കുളത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദിയും അറിയിച്ചു.