മനുഷ്യനെ അഹംഭാവത്തിൽനിന്നും അഹംബോധത്തിലേക്ക് ഉയർത്തുന്ന ആചരണങ്ങളാണ് നമ്മുടെ ആഘോഷങ്ങളെല്ലാംതന്നെ. പ്രപഞ്ചത്തിന്റെ വെളിച്ചമാണ് നാം കാണുന്ന, കൈവണങ്ങുന്ന ദീപം. ഉള്ളിൽത്തെളിയുന്ന ദീപമാണ് അദ്ധ്യാത്മജ്ഞാനം; അതുതന്നെയാണ് സത്യധർമ്മങ്ങളാകുന്ന നീതിബോധം.
ദീപങ്ങളുടെ ആ വലിയാണ് ദീപാവലി. കൂട്ടമായ വെളിച്ചം നൽകുന്ന സൗന്ദര്യധോരണി നമ്മുടെ അകവുംപുറവും ഒരേപോലെ പ്രകാശമാനമാക്കുന്നു.വാചാമഗോചരമായ അനുഭൂതിയുടെ ആത്മഹർഷപരത നമുക്കിവിടെ കാണാൻ കഴിയും.
ഭഗവാൻ ശ്രീകൃഷ്ണന് നരകാസുരനെ വധിക്കുന്നതിന് സത്യഭാമയുടെ സഹായം ആവശ്യമായിരുന്നു. ആശ്വിനമാസത്തിലെ ഒരു ചുതർദ്ദശിദിനത്തിൽ സത്യഭാമയുടെ സാന്നിദ്ധ്യത്തിൽ നടന്ന ആ അസുരവധദിനമാണ് നരകചതുർദ്ദശി. അതിനുശേഷം ശ്രീകൃഷ്ണൻ അജയ്യനായി വന്നതിന്റെ ഒാർമ്മയ്ക്കാണ് ദീപാവലി ആഘോഷിക്കുന്നത്. എന്നുമാത്രമല്ല, തന്റെ ഭഗവാന്റെ കൈകൊണ്ടുള്ള മോക്ഷപൂർണമായ അന്ത്യം എക്കാലവും കൊണ്ടാടണം എന്നതായിരുന്ന നരകാസുരന്റെ അന്ത്യാഭിലാഷമെന്നും കഥയുണ്ട്. നരകാസുരവധമറിഞ്ഞ് പുരവാസികൾ ദീപാലങ്കാരങ്ങളാൽ ഉത്സവമാക്കി മാറ്റിയെന്നുമുണ്ട്.
ആസുരികതയെ നിഗ്രഹിക്കുകയും ഭാസുരമായ നന്മയെ സംരക്ഷിക്കുകയുമാണിവിടെ! യമധർമ്മ രാജാവ് സ്വ സഹോദരിയുടെ ഭവനത്തിലേക്ക് യാത്ര പോയത് ഒരു ദീപാവലി നാളിലാണെന്നാണ്. അവരുടെ സാഹോദര്യബന്ധം ദൃഡമാക്കുകയായിരുന്നുവെന്നാണ് കഥ. ഇൗ സാഹോദര്യബന്ധത്തിന്റെ ഉൗന്നൽ എന്ന നിലയിലാണ് 'ഭയ്യാപൂജ" ദീപാവലിയോടനുബന്ധിച്ച് നടക്കുന്നത്. മാത്രമല്ല, ദീപാവലി നാളിൽ ബ്രാഹ്മമുഹൂർത്തത്തിൽ കുളിച്ച് ശുദ്ധമായി പശുമൃഗാദികളായ വീട്ടുജീവികളെ കുളിപ്പിച്ച് വൃത്തിയാക്കി മൃഷ്ടാന്നഭോജനം നൽകുന്ന ചടങ്ങുമുണ്ട്.
മഹാബലിയുടെ ഗർവ്വം ശമിപ്പിച്ച് സുതലത്തിലേക്ക് ഇന്ദ്രപദവി നൽകി അനുഗ്രഹിച്ചയച്ച വാമനമൂർത്തിയായ വിഷ്ണുഭഗവാൻ മഹാബലിയുടെ പേരിൽ മൂന്ന് 'അഹോരാത്രം ഉത്സവം" കൊണ്ടാടിയെന്നുണ്ട്.
തുലാമാസത്തിലെ ഇൗ ആഘോഷം തുലാക്കോളുകൊണ്ട് മേഘാവൃതമായ ഇരുണ്ട അന്തരീക്ഷത്തെ പ്രകാശപ്രചുരിമകൊണ്ടും അനുഗ്രഹ സമൃദ്ധമാക്കുവാൻ സാധിക്കുന്നു. ദീപാവലിയോടനുബന്ധിച്ച് ഒരു ചൊല്ലുതന്നെ നിലവിലുണ്ട്. 'ദീപാളി കുളിക്കുക" എന്ന്. നീർദ്ധനത്വം മറച്ചുവച്ച് മറന്നുവച്ച് ധൂർത്തുകാണിക്കുവാൻ കൈയിൽ കിട്ടുന്ന ധനം ദുർവ്യയം ചെയ്യുന്നതിനെയാണ് 'ദീപാളി കുളിക്കുക" എന്ന് പറയുന്നത്.
ദീപാവലി ദിനത്തെ എതിരേൽക്കുവാൻ ആ സുപ്രഭാതത്തെ വരവേൽക്കുവാൻ അതിരാവിലെ എഴുന്നേറ്റുള്ള എണ്ണതേച്ചുകുളിയും ക്ഷേത്രദർശനവും മധുരപലഹാര സ്വീകരണത്തിനും മധുരവിതരണത്തിനുമുള്ള മനസും വ്യക്തിഗതമായ ക്ഷേമത്തിനുമപ്പുറം കുടുംബശ്രേയസ്സിനും 'ലോകം ഒരു കുടുംബ"മെന്ന ഭാവനയോടെയുള്ള ദാനധർമ്മങ്ങൾക്കും സ്നേഹാനുഭവങ്ങൾക്കും അഹമഹമികയാ മനുഷ്യവംശം പ്രതിജ്ഞാബദ്ധമാണെന്ന് ഒാർമ്മിപ്പിക്കുന്നതുകൂടിയാണ് ദീപാവലി. നമുക്കതിന് കഴിയുമെങ്കിൽ നമ്മുടെ ഹൃദയം എന്നും ദീപാലംകൃതമാണ് നാം അധിവസിക്കുന്ന സമൂഹം ചൈതന്യസംപൂർണവുമായിരിക്കും!