പാറശാല: വരുമാനത്തിൽ മുന്നിലാണ് പാറശാല റെയിൽവേ സ്റ്റേഷൻ. എന്നാൽ ഈ സ്റ്റേഷന് ഒരു പ്രത്യേകതയുണ്ട്. സ്റ്റേഷൻ നിലവിൽ വന്നപ്പോഴത്തെ അവസ്ഥയിൽ തന്നെതുടരുകയാണിപ്പോഴും..

വികസനം ഒരിക്കൽപോലും ഇവിടെ എത്തിനോക്കിയിട്ടുപോലുമില്ല. സ്റ്റേഷൻ അവഗണനയുടെ പട്ടികയിൽ ആയത് കാരണം കഴിഞ്ഞ 44 വർഷങ്ങൾ പിന്നിടുമ്പോഴും മുരടിച്ച നിലയിൽ തന്നെ തുടരുകയാണ്. സ്റ്റേഷന്റെ വികസന സാദ്ധ്യതകളും ആവശ്യകതയും മുന്നിൽകണ്ട റെയിൽവേ ബോർഡ് 1975ൽ തിരുവനന്തപുരം- കന്യാകുമാരി റെയിൽവേ ലൈൻ വന്നതിനൊപ്പം പാറശാല സ്റ്റേഷന് പരിസരത്തായി നൂറ് ഏക്കറോളം ഭൂമി കണ്ടെത്തിയിരുന്നു. എന്നിട്ടും സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ മാത്രം എങ്ങുമെത്തിയില്ല..

ഈ വഴി കടന്നുപോകുന്ന പല ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിച്ചിരുന്നെങ്കിൽ ഇവടെനിന്നും യാത്രചെയ്യുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ഉപകാരമായേനെ. കേരള - തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈ റെയിൽവേ സ്റ്റേഷനിൽ പ്രധാന ട്രെയിനുകളിൽ ചിലതിനെങ്കിലും സ്റ്റോപ്പ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന ഇന്റർസിറ്റി, ചെന്നൈ എഗ്‌മോർ, ഏറനാട് എക്സ് പ്രസ് ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല എന്നതാണ് യാത്രക്കാരുടെ പ്രധാന പരാതി.

യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനൊപ്പം തന്നെ വരുമാനത്തിലും ഈ സ്റ്റേഷൻ മുന്നിലാണ്. എന്നാൽ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.