cpm

തിരുവനന്തപുരം: രാജ്യതാല്പര്യത്തിനും ജനതാല്പര്യത്തിനും എതിരായ ആർ.സി.ഇ.പി കരാർ പുനഃപരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം ,കരാർ ഒപ്പിട്ടാൽ ഉടൻ 28 ശതമാനം വസ്തുക്കളുടെ തീരുവ പൂജ്യത്തിലേക്കെത്തണം. ആസിയാൻ രാജ്യങ്ങൾ, ജപ്പാൻ എന്നിവയുമായുള്ള വ്യാപാരത്തിലെ 90 ശതമാനം ചരക്കുകളുടെയും തീരുവ ഇല്ലാതാക്കുന്നതിന് ഇന്ത്യയ്ക്കുമേൽ സമ്മർദ്ദമുണ്ട്. നിലവിൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഇല്ലാത്ത ചൈന, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരത്തിലെ 80 മുതൽ 86 ശതമാനം വസ്തുക്കളുടെ തീരുവ ഇല്ലാതാക്കാനും സമ്മർദ്ദമേറുന്നു. ഇതൊക്കെ കാർഷികമേഖലയ്ക്ക്. വലിയ തിരിച്ചടിയുണ്ടാക്കും. .

ആസിയാൻ രാജ്യങ്ങളിലെ പ്രധാന ഉല്പന്നങ്ങളായ സ്വാഭാവിക റബ്ബർ, ഏലം, ഇഞ്ചി, കശുഅണ്ടി, നാളികേരം, കൊപ്ര, വെളിച്ചെണ്ണ, മത്സ്യം തുടങ്ങിയവ സംരക്ഷിത പട്ടികയിലാണ്. എന്നാൽ ഇവയിൽ പലതിന്റെയും സംസ്കരിച്ച ഉല്പന്നങ്ങൾക്ക് തീരുവയില്ല. അതേപോലെ പാമോയിലും. കേരളം ഏതെല്ലാം മേഖലകളിലാണോ മേൽക്കൈ നേടിയിട്ടുള്ളത് അതെല്ലാം തകരുന്ന തരത്തിൽ ആഭ്യന്തര വിപണിയിലേക്ക് ആസിയാൻ രാജ്യങ്ങളിൽ നിന്നും സ്വതന്ത്രവ്യാപാര കരാറിന്റെ അടിസ്ഥാനത്തിൽ ഉല്പന്നങ്ങൾ എത്തുന്നു.മേഖലയ്ക്കുപുറത്തുനിന്നുള്ള ചരക്കുകൾ ഇവിടേക്കെത്തുന്നതിനും വഴിയൊരുക്കുന്നു. ഇപ്പോൾ കൂനിന്മേൽ കുരു എന്ന കണക്കാണ് ആർ.സി.ഇ.പി യിലേക്ക് രാജ്യം പോകുന്നത്. ഇത് സ്വതന്ത്ര വ്യാപാര കരാർ വരുത്തിക്കൊണ്ടിരിക്കുന്ന നഷ്ടങ്ങൾക്കും ദോഷങ്ങൾക്കും പുറമേ പുത്തൻ മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കപ്പെടും. .

കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ പ്രധാനപ്പെട്ടതാണ് കന്നുകാലി മേഖല. 10 ലക്ഷം കുടുംബങ്ങൾ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട പ്രവൃത്തികളിലേർപ്പെട്ട് ജീവിക്കുന്നു. ഇവരെല്ലാം സാധാരണ കൃഷിക്കാരും പാവപ്പെട്ടവരുമാണ്. രണ്ടും മൂന്നും പശുക്കളുള്ള നാമമാത്ര കർഷകരാണ് അധികവും. അതിനാൽ സ്വതന്ത്ര വ്യാപാര കരാറുകൾ ക്ഷീരമേഖലയ്ക്കും ഭീഷണിയാണ്. ക്ഷീര, തോട്ടം മേഖലകളെ ആർ.സി.ഇ.പി ചർച്ചകളിൽ നിന്നും ഒഴിവാക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.