adoor-prakash

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിലെ പ്രചരണത്തിന് നേതൃത്വം നൽകിയ ഡി.സി.സിക്ക് തന്നെയാണ് തോൽവിയുടെയും ഉത്തരവാദിത്വമെന്ന് അടൂർ പ്രകാശ്. എം.പി പറഞ്ഞു. പത്തനംതിട്ട ജില്ല പൂർണ്ണമായും ഇടതുമുന്നണിയുടെ കൈകളിലെത്തിയ സാഹചര്യത്തിൽ ഡി.സി.സി അഴിച്ചുപണിയുടെ കാര്യത്തിൽ കെ.പി.സി.സി നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

.കോന്നിയിൽ പ്രചാരണത്തിന് നേതൃത്വം നൽകിയ ഡി.സി.സിയുടെ പ്രവർത്തനം ജനങ്ങൾ വേണ്ടത്ര ഉൾക്കൊണ്ടില്ല.കോന്നിയിലെ ജനങ്ങൾക്ക് എന്നെ നന്നായി അറിയാം. പത്തനംതിട്ടയിൽ നിന്ന് എന്നെ മാറ്റിനിറുത്താനുള്ള ശ്രമവും എന്നെപ്പറ്റി നടത്തിയ ആവശ്യമില്ലാത്ത വർത്തമാനങ്ങളും ജനങ്ങൾ ഇഷ്ടപ്പെടുന്നില്ല. അതെല്ലാം അവരെ വേദനിപ്പിച്ചതിന് തെളിവാണ് തിരഞ്ഞെടുപ്പ് ഫലം. തോൽവിയുടെ കാരണങ്ങൾ സംബന്ധിച്ച് സ്ഥാനാർഥിയായിരുന്ന മോഹൻരാജ് മാന്യമായാണ് പ്രതികരിച്ചത്.
. കോന്നിയിലെ തോൽവിയുടെ കാരണങ്ങൾ പാർട്ടി അന്വേഷിച്ച് കണ്ടെത്തണം. ഏതൊക്കെ നേതാക്കളുടെ ബൂത്തുകളിലാണ് വോട്ട് കുറഞ്ഞത് എന്നതുൾപ്പെടെ അന്വേഷിക്കണം.
ആറ്റിങ്ങലിൽനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവു വന്ന കോന്നി സീറ്റിൽ മൽസരിപ്പിക്കുന്നതിന് പാർട്ടി ആവശ്യപ്പെട്ടപ്പോൾ ജാതിയോ മതമോ പരിഗണിക്കാതെയാണ് ഒരാളുടെ പേര് ഞാൻ നിർദ്ദേശിച്ചത്. എന്നാൽ, പാർട്ടി മറ്റൊരു പേര് തീരുമാനിച്ചപ്പോൾ പൂർണ്ണമായും അതംഗീകരിച്ചു. . കുടുംബയോഗങ്ങളിൽ ഉൾപ്പെടെ പങ്കടുത്ത് പാർട്ടി ആവശ്യപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നടത്തി. കുറഞ്ഞ ഭൂരിപക്ഷത്തോടെയെങ്കിലും ജയിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അപ്രതീക്ഷിത മുന്നേറ്റമാണ് ഇടതുമുന്നണി നടത്തിയത്. മന്ത്രിമാർ ഉൾപ്പെടെ മണ്ഡലത്തിൽ തമ്പടിച്ച് വാഗ്ദാനങ്ങൾ നൽകിയാണ് അട്ടിമറി നടത്തിയത്. സാമ്പത്തിക സഹായം അമിതമായി പ്രയോജനപ്പെടുത്തിയതാണ് ബി.ജെ.പിയുടെ വോട്ട് വർദ്ധനവിന് കാരണമെന്നും അടൂർ പ്രകാശ് പറഞ്ഞു.