vm-sudheeran

തിരുവനന്തപുരം: പ്രകൃതിയെ ചൂഷണം ചെയ്യുന്ന നിലപാടുമായി സർക്കാർ മുന്നോട്ടുപോകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വനമേഖലയിലെ ഖനനവുമായി ബന്ധപ്പെട്ട ദൂരപരിധി കുറച്ചതെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിക്കയച്ച തുറന്ന കത്തിൽ ആരോപിച്ചു. ഖനന, മാഫിയാ താത്പര്യങ്ങൾ മുൻനിറുത്തിയെടുത്ത തീരുമാനം റദ്ദാക്കണം. സംരക്ഷിത വനമേഖലയോട് ചേർന്ന് 10 കിലോമീറ്റർ ദൂരത്തിൽ ക്വാറി, ക്രഷർ തുടങ്ങിയവയ്‌ക്കുണ്ടായിരുന്ന നിരോധനം ഒരു കിലോമീറ്ററായി കുറച്ച മന്ത്രിസഭാ തീരുമാനം പരിസ്ഥിതി വിരുദ്ധവും ഖനന മാഫിയ പ്രീണനവുമാണ്. ചക്ക, കശുമാങ്ങ, വാഴപ്പഴം തുടങ്ങിയവയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യവും വൈനും ഉത്പാദിപ്പിക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണ്. മദ്യപാനത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്ന നടപടി റദ്ദാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.