mayor

തിരുവനന്തപുരം : കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും ജീവനക്കാർ...കണ്ണീരിൽ ചാലിച്ച ആശംസകളും നന്മകളും നേർന്ന് കൗൺസിലർമാർ...പതിവ് ചിരിമാഞ്ഞ മുഖവുമായി വിങ്ങി, വിതുമ്പി വി.കെ.പ്രശാന്ത്...വികാരനിർഭരമായ നിരവധി രംഗങ്ങൾക്കാണ് ഇന്നലെ നഗരസഭ സാക്ഷ്യം വഹിച്ചത്. മേയർ സ്ഥാനം രാജിവയ്ക്കാനെത്തിയ വി.കെ.പ്രശാന്തിന് വൈകാരികമായ യാത്രഅയപ്പാണ് കൗൺസിലർമാരും ജീവനക്കാരും നൽകിയത്. സഹപ്രവർത്തകരുടെ സ്‌നേഹത്തിന് മുന്നിൽ പ്രശാന്തിന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി. നിശ്ചയിച്ചിരുന്ന കൗൺസിൽ യോഗം മാറ്റിവച്ച് ഉച്ചയ്ക്ക് 12.45നാണ് രാജി സമർപ്പിക്കാൻ പ്രശാന്ത് നഗരസഭയിലെത്തിയത്. മേയറെ സ്വീകരിക്കാൻ കൗൺസിലർമാരും ജീവനക്കാരും കാത്ത് നിന്നിരുന്നു. കാറിൽ നിന്നിറങ്ങിയ പ്രശാന്തിന് മുദ്രാവാക്യം വിളിയോടെ പൂച്ചെണ്ടുകളും ഷാളുകളും അണിയിച്ച് സ്വീകരിച്ചു. മേയർ രണ്ടാം നിലയിലെ ഓഫീസിനു മുന്നിലെത്തിയപ്പോഴാണ് ഡേഫേദാർ മോഹനൻ പ്രശാന്തിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞത്. ഇതോടെ പ്രശാന്തും വികാരഭരിതനായി. ഒപ്പം നിന്നവരും കരഞ്ഞു. തുടർന്ന് സെക്രട്ടറി എസ്.എൽ.ദീപയുടെ ഓഫീസിലെത്തി രാജിക്കത്ത് കൈമാറി. എൽ.ഡി.എഫ് കൗൺസിലർമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ അനൗദ്യോഗികമായ കോൺഫറൻസ് ഹാളിൽ യാത്രഅയപ്പ് യോഗം ചേർന്നു. ബി.ജെ.പിയിലെയും യു.ഡി.എഫിലെയും വിരലിലെണ്ണാവുന്ന കൗൺസിലർമാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ബി.ജെ.പി കൗൺസിലർ എം.ലക്ഷ്മി തമിഴിലാണ് മേയർക്ക് ആശംസ നേർന്നത്. മുതിർന്ന അംഗമായ ബി.വിജയലക്ഷ്മി, യു.ഡി.എഫ് കൗൺസിലർ ഓമന എന്നിവരുടെ വാക്കുകൾ മേയറുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി.

ഡെപ്യൂട്ടിമേയർ രാഖി രവികുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ശ്രീകുമാർ, വഞ്ചിയൂർ ബാബു, പാളയം രാജൻ, കൗൺസിലർ ആർ.സതീഷ് കുമാർ തുടങ്ങി നിരവധി പേർ സംസാരിച്ചു. എ.വിജയൻ പ്രശാന്തിനെക്കുറിച്ചൊരു കവിതയും ചൊല്ലി. സെക്രട്ടറി എൽ.എസ്.ദീപ, ജീവനക്കാരനായ അനൂപ് റോയ് എന്നിവരും സംസാരിച്ചു.

തുടർന്ന് സെൽഫിയെടുത്തു. താഴേക്കിറങ്ങിയ പ്രശാന്ത് സ്വകാര്യ വാഹനത്തിൽ കയറിയപ്പോഴും കൗൺസിലർമാരും ജീവനക്കാരും കരഞ്ഞുകൊണ്ട് കാറിന് ചുറ്റുംകൂടി. കാറിന്റെ മുൻ സീറ്റിലിരുന്ന് എല്ലാവരോടും യാത്രപറഞ്ഞ് മേയർ കാർ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടു.

യു.ഡി.എഫ് നേതാവ് ഡി.അനിൽകുമാറും ബി.ജെ.പി നേതാവ് എം.ആർ.ഗോപനും ഉൾപ്പെടെയുള്ളവർ നഗരസഭയിൽ ഉണ്ടായിരുന്നെങ്കിലും മേയറെ കാണാനെത്തിയില്ല. നേതാക്കളോട് രാജി നൽകാനെത്തുന്ന കാര്യം അറിയിച്ചിരുന്നതായി പ്രശാന്ത് പറഞ്ഞു.