1

നേമം: നഗരസഭയുടെ നേമം മേഖലാ ഓഫീസ് പരിധിയിൽ പ്രവർത്തിക്കുന്ന മാർക്കറ്റുകളിൽ ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഭക്ഷ്യ യോഗ്യമല്ലാത്ത പഴകിയ മത്സ്യങ്ങൾ പിടികൂടി നശിപ്പിച്ചു. കാരയ്ക്കാമണ്ഡപം ദേശീയ പാതയ്ക്ക് സമീപം കച്ചവടം നടത്തുന്ന മത്സ്യ വില്പനക്കാരിൽ നിന്നും പാപ്പനംകോട് മത്സ്യമാർക്കറ്റിൽ നിന്നുമാണ് പഴകിയതും വിഷമയമായതുമായ മത്സ്യങ്ങൾ പിടിച്ചെടുത്തത്. നേമം മേഖലാ ഓഫീസ് പരിധിയിൽ പഴകിയ മത്സ്യങ്ങൾ വില്പന നടത്തുന്നതായി പൊതുജനങ്ങളിൽ നിന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് അധികൃതർ പരിശോധന നടത്തിയത്. സമീപ പ്രദേശങ്ങളിലെ മത്സ്യ മാർക്കറ്റുകളായ പ്രാവച്ചമ്പലം, ശാന്തിവിള, പുന്നമൂട്, മൊട്ടമൂട് തുടങ്ങിയ മാർക്കറ്റുകളിലും പഴകിയതും വിഷമയമുള്ളതുമായ മത്സ്യങ്ങൾ വില്പന നടത്തിവരുന്നതായും പാരാതിയുണ്ട്. ഇന്നലെ രാവിലെ മുതൽ നടന്ന പരിശോധനയിൽ നേമം ഹെൽത്ത് ഇൻസ്പെക്ടർ ലതകുമാരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപക്, സുജു എന്നിവർ പങ്കെടുത്തു.

ഫോട്ടോ: പാപ്പനംകോട് മത്സ്യമാർക്കറ്റിൽ പരിശോധന നടത്തുന്ന ആരോഗ്യവകുപ്പ് അധികൃതർ