3

വിഴിഞ്ഞം: പതിറ്റാണ്ടുകൾക്കു മുൻപ് മുങ്ങിയ കപ്പൽ ഉയർത്താനുള്ള സാദ്ധ്യതകൾ തേടി ഉടമയും കോവളത്തെ സ്കൂബാ ഡൈവേഴ്സും രംഗത്ത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയായ അദാനി ഗ്രൂപ്പ് കനിഞ്ഞാൽ ഉയർത്തിയെടുക്കാം എന്നാണ് പ്രതീക്ഷ.1995 ലാണ് കപ്പൽ വിഴിഞ്ഞം ലീവേഡ് ബ്രേക്ക് വാട്ടറിനു സമീപം മുങ്ങിയത്. എം.വി.ആർഗോണഗ് എന്ന മാലി കപ്പലാണ് കടലിനടിയിൽ 10 മീറ്റർ ആഴത്തിൽ കിടക്കുന്നത്. കോവളത്തെ വിദഗ്ദ്ധരായ സ്കൂബാ ഡൈവേഴ്സാണ് 24 വർഷത്തിനു ശേഷം വിവരം പുറം ലോകമെത്തിച്ചത്. മുങ്ങിയ കപ്പൽ പല ഭാഗങ്ങളായി കിടക്കുകയാണ്. അദാനി ഗ്രൂപ്പ് കനിഞ്ഞാൽ ഇവ വീണ്ടെടുക്കാൻ കഴിയുമെന്നാണ് ഉടമയുടെ വിശ്വാസം. മാലിയിലേക്ക് ചരക്കുകൾ കയറ്റി കൊണ്ടു പോകുന്നതിനാണ് കപ്പൽ ഇവിടെ എത്തിയത്. എൻജിൻ കേടായതിനെ തുടർന്ന് കപ്പൽ മൂന്നു മാസത്തോളം തുറമുഖത്തു കിടന്നു. കപ്പൽ മാറ്റുന്നതിനായി തുറമുഖ വകുപ്പ് സമ്മർദ്ദം ചെലുത്തുകയും അവസാനം കേസാകുകയും ചെയ്തു. ഒടുവിൽ കപ്പൽ ഉടമ വിൽക്കാൻ തീരുമാനിക്കുകയും ഇത് പൊളിച്ചു വിൽക്കാം എന്ന ധാരണയിൽ തിരുവനന്തപുരം സ്വദേശി രണ്ടു ലക്ഷം രൂപ ചെലവാക്കി കപ്പൽ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ കൂടുതൽ തകരാർ ഇല്ലാത്തതിനാൽ കപ്പലിനെ നന്നാക്കി ഓടിച്ചു പരീക്ഷണ ഓട്ടം പൂർത്തിയാക്കി കരയിലേക്ക് അടുപ്പിക്കവെ കപ്പൽ വീണ്ടും കേടായി. ഒരാഴ്ചയോളം കിടന്ന കപ്പലിൽ പതിയെ വെള്ളം കയറി മുങ്ങാൻ തുടങ്ങി. പിന്നെ ഇതു ഉയർത്താനുള്ള ശ്രമമായി. മാപ്പിള ഖലാസികളും ഉത്തരേന്ത്യൻ തൊഴിലാളികളും ഏറെ ശ്രമിച്ചിട്ടും കപ്പലിനു അനക്കമുണ്ടായില്ല. നഷ്ടം ഏഴു ലക്ഷത്തോളം രൂപ.1995 ജനുവരയിൽ കപ്പൽ പൂർണമായി താഴുന്നതിനും ഉടമ സാക്ഷിയായി. ഇപ്പോൾ രാജ്യാന്തര തുറമുഖ നിർമാണം നടക്കുന്നതിനാൽ അദാനി ഗ്രൂപ്പിന്റെ കൂറ്റൻ യന്ത്രങ്ങൾ ഉള്ളതിനാൽ ഇവ ഉപയോഗിച്ച് ഉയർത്താൻ കഴിയും എന്നാണ് ഉടമയുടെ വിശ്വാസം. ഓഖി ദുരന്തത്തിൽ ഇതിനു സമീപത്ത് രണ്ട് ഉരു മുങ്ങിയിരുന്നു. ഇതിന് എതിർവശത്ത് പുതിയ വാർഫിനു സമീപം ഒരു വർഷം മുൻപ് മുംബയ് ടഗ്ഗ് ബ്രഹ്മേക്ഷര മുങ്ങി കിടക്കുകയാണ്. ഈ ടഗ്ഗ് ഉയർത്താനുള്ള നടപടികൾ നടക്കുകയാണ്. തുറമുഖ നിർമ്മാണത്തോടൊപ്പം നിരവധി പദ്ധതികൾ വിഴിഞ്ഞത്ത് നടപ്പാക്കുന്ന അദാനി ഗ്രൂപ്പ് അധികൃതർ കനിഞ്ഞാൽ കപ്പൽ ഉയർത്താമെന്നും ഇതിന് സർക്കാർ നടപടി ഉണ്ടാകുമെന്നുമാണ് ഇവരുടെ വിശ്വാസം.

എം.വി.ആർഗോണഗ് - മാലി കപ്പൽ

------------------------------------------------------------

മുങ്ങിയത്- വിഴിഞ്ഞം ലീവേഡ് ബ്രേക്ക് വാട്ടറിനു സമീപം

വർഷം - 1995 ൽ

ഇപ്പോൾ - കടലിനടിയിൽ 10 മീറ്റർ ആഴത്തിൽ കിടക്കുന്നു

140 അടി നീളം

35 അടി വീതി

ജപ്പാൻ നിർമ്മിത കപ്പൽ

ശേഷി 400 ടൺ ചരക്ക് കയറ്റാം