വിതുര: മലയോരത്തെ കനത്ത മഴ റബർതൊഴിലാളികൾക്ക് കണ്ണുനീരാണ് സമ്മാനിക്കുന്നത്.മഴ ടാപ്പിംഗിന് തടസമായതോടെ തൊഴിലാളികളുടെ കാര്യം കഷ്ടത്തിലായി.വളരെ കുറച്ച് ദിനങ്ങളാണ് ടാപ്പിംഗിന് കിട്ടുന്നത്. എന്നാൽ ആ കാലയളവിൽ മഴ പെയ്യുന്നത് സാമ്പത്തികമായി മേഖലയെ പിന്നോട്ടടിക്കുകയാണ്.ടാപ്പിംഗ് മാത്രം തൊഴിലാക്കിയ നിരവധിപേർക്ക് തൊഴിൽ നഷ്ടപ്പെട്ട സ്ഥിതിയാണ്.
മഴ തോരാതെ വന്നതോടെ റബർ മേഖലയിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുകയും റബറിനെ ആശ്രയിച്ച് കഴിയുന്നവർ കടക്കെണിയിലാകുകയും ചെയ്തെന്നാണ് കർഷകരുടെ പരാതി.ജില്ലയിൽ നെടുമങ്ങാട്,കാട്ടാക്കട താലൂക്കുകളിലാണ് ഏറ്റവും കൂടുതൽ റബർ കൃഷി ചെയ്യുന്നത്.ആയിരക്കണക്കിന് കുടുംബങ്ങൾക്ക് റബറാണ് ഉപജീവനമാർഗം.രണ്ട് താലൂക്കുകളിലുമായി ആയിരത്തിൽ പരം ടാപ്പിംഗ് തൊഴിലാളികളുമുണ്ട്.റബർ ടാപ്പിംഗ് നടന്നില്ലെങ്കിൽ ഇവരുടെ വീട്ടിലെ അടുപ്പ് പുകയില്ല.ഒരു മരം വെട്ടിയാൽ ഒന്നര രൂപയാണ് കൂലി ലഭിക്കുന്നത്.എസ്റ്റേറ്റുകളിൽ ഒരു തൊഴിലാളി 300 മരം വരെ ടാപ്പ് ചെയ്യും.സ്ലാട്ടർ മരത്തിന് മൂന്ന് രൂപ വരെ കൂലിയുണ്ട്. സാധാരണ ഒരു വർഷത്തിൽ 225 ദിവസം വരെ ടാപ്പിംഗ് നടക്കാറുണ്ടായിരുന്നു.ജൂൺ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് സാധാരണ ടാപ്പിംഗ് നടക്കാറുള്ളത്.വേനൽക്കാലവും ഇലകൾ പൊഴിയുന്ന വേളയുമായതിനാൽ മാച്ച്,ഏപ്രിൽ മാസങ്ങളിൽ ടാപ്പിംഗ് നടക്കാറില്ല.എന്നാൽ ഇക്കുറി കാലാവസ്ഥയിലെ വ്യതിയാനം റബർ കർഷകരെ ചതിക്കുകയായിരുന്നു. മഴ മൂലം ഇൗ വർഷം ഇതുവരെ അമ്പതിൽ താഴെ ദിവസങ്ങളിലാണ് ടാപ്പിംഗ് നടന്നത്.
ചില മാസങ്ങളിൽ വില കുത്തനെ ഇടിയും.റബറിന്റെ ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ ചില മേഖലകളിലെ റബർ കടകൾ അടഞ്ഞുകിടക്കുകയാണ്.മാത്രമല്ല റബർ കർഷകർ ഷീറ്റ് നൽകാമെന്ന വാഗ്ദാനത്തിൽ അഡ്വാൻസ് കൈപ്പറ്റിയതും വ്യാപാരികൾക്ക് പ്രശ്നമായി.നേരത്തെ റബറിന്റെ വില ഇരുനൂറ് പിന്നിട്ടിരുന്നു.
റബറിന് കിലോയ്ക്ക് ഇരുന്നൂറിനടുത്ത് വിലയുണ്ടായിരുന്നപ്പോൾ ധാരാളം പേർ ലക്ഷക്കണക്കിന് രൂപ മുതൽ മുടക്കി റബർ മരങ്ങൾ പാട്ടത്തിനെടുത്തിരുന്നു.എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം ടാപ്പിം നടക്കാതെ വന്നതും വില ഇടിഞ്ഞതും ഇക്കൂട്ടർക്ക് വൻ തിരിച്ചടിയായി.ബാങ്കിൽ നിന്നും മറ്റും ലോൺ തരപ്പെടുത്തിയാണ് റബർ പാട്ടത്തിനെടുത്തത്.ലോൺ തിരിച്ചടക്കാതെ വന്നതോടെ ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചിരിക്കുകയാണ്
റബർ ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ കച്ചവടം തീരെ കുറഞ്ഞതായി വ്യാപാരികൾ പറയുന്നു.മലയോരമേഖലയിലെ ഭൂരിഭാഗം പേരും റബറിനെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്.റബറിന് മികച്ച വില ലഭിച്ചിരുന്നപ്പോൾ ആയിരക്കണക്കിന് പേർ മറ്റ് കൃഷികൾ ഉപേക്ഷിച്ച് റബർ കൃഷി ആരംഭിച്ചിരുന്നു.അക്കൂട്ടർക്ക് ഇപ്പോൾ കനത്ത നഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്.ഫലത്തിൽ മുൻപ് സ്വർണം കായ്ച്ചിരുന്ന റബർ മരത്തെ നോക്കി ഇപ്പോൾ കണ്ണീർ വാർക്കേണ്ട അവസ്ഥയിലാണ്.