കല്ലമ്പലം: സ്വകാര്യബസുകളുടെ മത്സരയോട്ടവും തുടർന്നുള്ള അപകടവും ഒരിടവേളയ്ക്ക് ശേഷം ആവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രശ്ന മേഖലകളിൽ കർശന നിരീക്ഷണത്തിന് ട്രാൻസ്പോർട്ട് കമ്മിഷണർ ശ്രീലേഖ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം ഞെക്കാട് ഗവ. വി.എച്ച്.എസ്.എസിന് മുന്നിൽ ബസിൽ കയറുന്നതിനിടയിൽ കാൽ വഴുതി വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തെ തുടർന്നാണ്‌ ഉത്തരവ്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്‌മെന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ബിജു മേനോന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം സേഫ് കേരള എൻഫോഴ്സ് മെന്റിൽ ഉൾപ്പെട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീകുമാർ, അസി.ഇൻസ്പെക്ടർമാരായ എസ്. ശ്രീപ്രസാദ്, എ. അൻസാരി എന്നിവരുടെ സംഘം ഞെക്കാട് സ്കൂൾ സന്ദർശിച്ചു. സ്കൂൾ അധികൃതരുമായി ചർച്ച നടത്തിയ സംഘം നിർണായകമായ തീരുമാനങ്ങൾക്ക് തുടക്കംകുറിച്ചു. ഞെക്കാട് ഗവ. വി.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പുതുശ്ശേരിമുക്ക് എസ്.എസ് ഭവനിൽ പ്രീതിക്കാണ് പരിക്കേറ്റത്. അപകടശേഷവും ബസ് നിറുത്താതെ പോയത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ബസ് കസ്റ്റഡിയിലെടുത്തു

ഞെക്കാട് സ്കൂൾ ബസ് സ്റ്റോപ്പിൽ നിന്നു സ്വകാര്യ ബസിൽ കയറവേ വണ്ടി മുന്നോട്ടെടുത്തതിനെ തുടർന്ന് കാൽവഴുതി വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ സുബ്രഹ്മണ്യം എന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങൽ ഡിവൈ.എസ്.പി യുടെ നിർദ്ദേശത്തെ തുടർന്നാണ്‌ നടപടി. കുട്ടി വീണ സംഭവം അറിഞ്ഞിരുന്നില്ലെന്നും ആരും പറഞ്ഞില്ലെന്നും അതാണ്‌ ബസ് നിറുത്താതെ പോയതെന്നുമാണ് സംഭവത്തെ കുറിച്ചുള്ള ചോദ്യം ചെയ്യലിൽ ബസ് ജീവനക്കാർ പൊലീസിനു നൽകിയ വിശദീകരണം. സംഭവത്തെ സംബന്ധിച്ച് കൂടുതൽ വിവരം അന്വേഷിച്ചു വരികയാണെന്നും കുട്ടിയുടെ മൊഴി എടുത്തതിനുശേഷം നടപടി ആവശ്യമെങ്കിൽ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.


 നിർണായക തീരുമാനങ്ങൾ

ബസിൽ യാത്ര ചെയ്യുന്ന എല്ലാ വിദ്യാർത്ഥികളും അതത് ദിവസത്തെ ബസ് യാത്രയിൽ നേരിട്ട അനുഭവങ്ങളെല്ലാം ബസിന്റെ പേര്, നമ്പർ എന്നിവ സഹിതം ക്ലാസ് ടീച്ചറെ ഏല്പിക്കണം. ഇതിൽ നല്ല പെരുമാറ്റം കാഴ്ചവയ്ക്കുന്ന ബസും രേഖപ്പെടുത്തണം. ഇത് ക്ലാസ് ടീച്ചർമാർ ഹെഡ്മാസ്റ്ററിനും, പ്രിൻസിപ്പലിനും കൈമാറും. ആഴ്ചയിലൊരിക്കൽ ആർ.ടി.ഒ സ്കൂളിലെത്തി പരാതികൾ ശേഖരിക്കും. ഇതിൽ ക്രിമിനൽ സ്വഭാവമുള്ളത് നടപടികൾക്കായി പൊലീസിനു കൈമാറും. അല്ലാത്തവ പരിശോധിച്ച് പ്രശ്നത്തിന്റെ ഗൗരവം കണക്കാക്കി ഫൈൻ, ലൈസൻസ്, പെർമിറ്റ്‌ റദ്ദാക്കൽ തുടങ്ങിയ കർശന നടപടിയിലേക്ക് നീങ്ങും. ഇതിൽ നല്ലനടപ്പുള്ള ബസുകൾക്ക് ചെറിയ സമ്മാനം നൽകാനും തീരുമാനമുണ്ട്. ആഴ്ചയിലൊരിക്കൽ ശേഖരിക്കുന്ന പരാതികൾക്ക് അടുത്ത ദിവസങ്ങളിൽ തന്നെ നടപടിയുണ്ടാക്കുന്ന വിധത്തിലാണ് ആർ.ടി.ഒയുടെ നീക്കം.

അന്വേഷണം പൂർത്തിയായാലുടൻ നടപടി

കല്ലമ്പലം: രണ്ട് ദിവസം മുമ്പ് ഞെക്കാട് സ്കൂളിനു മുന്നിൽ വിദ്യാർത്ഥി സ്വകാര്യ ബസിൽ കയറുന്നതിനിടയിൽ വീണ് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം പൂർത്തിയായാലുടൻ നടപടിയെടുക്കുമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീകുമാർ പറഞ്ഞു. സംഭവത്തിൽ ബസ് ജീവനക്കാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കണ്ടക്ടറുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കും. കൂടാതെ പൊലീസ് അന്വേഷണത്തിൽ ഗൗരവമേറിയ പ്രശ്നങ്ങളാണ് ബസിനെക്കുറിച്ചുള്ളതെങ്കിൽ പെർമിറ്റ്‌ റദ്ദാക്കൽ നടപടിയിലേക്ക് വരെ നീങ്ങാൻ സാദ്ധ്യതയുള്ള കുറ്റകൃത്യമാണിതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.


അടുത്ത സമയങ്ങളിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം ശ്രദ്ധയിൽപ്പെട്ട ആറ്റിങ്ങൽ, കല്ലമ്പലം, വർക്കല, കിളിമാനൂർ തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളിൽ ഇത്തരം നിരീക്ഷണങ്ങൾ തിങ്കൾ മുതൽ നടപ്പാക്കും.

-- എസ്. ശ്രീകുമാർ, വെഹിക്കിൾ ഇൻസ്പെക്ടർ,തിരുവനന്തപുരം

നിർണായക തീരുമാനങ്ങളെപ്പറ്റി കുട്ടികളോട് അടുത്ത പ്രവൃത്തി ദിവസത്തിൽ അറിയിക്കും.

ഒപ്പം അദ്ധ്യാപകരുടെ സഹകരണവും ഉറപ്പാക്കും.

ആർ.പി. ദീപ, പ്രിൻസിപ്പൽ, ഞെക്കാട് സ്കൂൾ.