pocso

തിരുവനന്തപുരം: വാളയാറിലെ ദളിത് സഹോദരിമാരുടെ കേസിലെന്നപോലെ നൂറുകണക്കിന് പോക്സോ കേസുകളിൽ ഗൗരവമായ അന്വേഷണമോ തെളിവുശേഖരണമോ നടത്താതെ ഉഴപ്പുകയാണ് പൊലീസ്. വധശിക്ഷ വരെ കിട്ടാവുന്ന വകുപ്പുകൾ ചുമത്താമെങ്കിലും തെളിവില്ലാതെ അവസാനിക്കുകയാണ് കേസുകൾ. 16.7ശതമാനം പോക്സോ കേസുകളിൽ മാത്രമാണ് കേരളത്തിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നതെന്നാണ് കണക്കുകൾ. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസുകൾ അവസാനിപ്പിക്കാനാണ് പൊലീസിന് ധൃതി. തെളിവുകളും ശാസ്ത്രീയറിപ്പോർട്ടുകളുമുള്ള കേസുകളിൽ ദുർബലമായ വകുപ്പുകൾ ചുമത്തി പ്രതികളെ പൊലീസ് രക്ഷിക്കും. ഇരയെയും പ്രതികളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി മദ്ധ്യസ്ഥചർച്ച പോലും പൊലീസ് നടത്താറുണ്ട്.

വാളയാർ കേസിൽ സംഭവിച്ചത്

പോസ്‌റ്റുമോർട്ടം റിപ്പോർട്ടുകളും സാഹചര്യതെളിവുകളും മാതാപിതാക്കളുടെ മൊഴികളുമെല്ലാം അവഗണിച്ച് പ്രതികൾക്ക് ഒത്താശ ചെയ്യുകയായിരുന്നു പൊലീസ്. കുടുംബസാഹചര്യങ്ങളെ കുറ്റംപറഞ്ഞ് പ്രതികളെ രക്ഷിക്കാനായിരുന്നു ശ്രമം. സഹോദരിമാർ ലൈംഗികപീഡനത്തിനുശേഷം കൊല്ലപ്പെട്ടതാണെന്ന് സാഹചര്യതെളിവുകളുണ്ടായിട്ടും ആത്‌മഹത്യയാണെന്ന് വരുത്തിത്തീർക്കാനാണ് പൊലീസ് ശ്രമിച്ചത്. അമ്മയുടേയും ഡോക്ടറുടേയും മൊഴികളിൽ ലൈംഗികപീഡന വിവരമുണ്ടായിരുന്നു. ഒരു കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടായിട്ടും അന്വേഷണമുണ്ടായില്ല. ഇളയ സഹോദരിയും മരിച്ചശേഷം കുട്ടികൾ പീഡനത്തിനിരയായെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയതോടെ അന്വേഷണത്തിന് നിയോഗിച്ച എ.എസ്.പി ജി. പൂങ്കുഴലിയുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

അട്ടിമറികൾ നിരവധി

കിഴക്കമ്പലത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ മൊഴിമാറ്റാൻ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടിയുടെ അമ്മ ഐ.ജിയോട് പരാതിപ്പെട്ടു.

വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാനും മൊഴി ചോർത്താനും പൊലീസിലെ ഇടതുസംഘടനാനേതാക്കളാണ് കരുനീക്കിയത്.

കൊച്ചി നാവിക ആസ്ഥാനത്തെ പീഡനക്കേസിൽ നാവികസേനയുമായി ഒത്തുകളിച്ച് പൊലീസ് കേസൊതുക്കി. ലഫ്റ്റനന്റായ ഭർത്താവ് തന്നെ മേലുദ്യോഗസ്ഥർക്ക് വഴങ്ങാൻ നിർബന്ധിക്കുന്നതായ യുവതിയുടെ പരാതിയിൽ പത്തുപേരെ പ്രതിയാക്കിയെങ്കിലും തുടർനടപടിയുണ്ടായില്ല.

പത്തനംതിട്ടയിൽ ഭിന്നശേഷിയുള്ള പെൺകുട്ടിയെ അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ച കേസിൽ അട്ടിമറിക്ക് ശ്രമിച്ചത് സി.ഐയാണ്. പെൺകുട്ടിയേയും അമ്മൂമ്മയേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നിർബന്ധിച്ച് മൊഴിയെടുക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞിരുന്നു.

കൊച്ചിയിൽ സാത്താൻ സേവയുടെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചകേസിലും അട്ടിമറിയുണ്ടായി. മജിസ്ട്രേട്ടിനു മുന്നിൽ പ്രതികൾക്ക് അനുകൂലമായ മൊഴിനൽകാൻ പൊലീസ് നിർബന്ധിച്ചതായും കുട്ടി മാനസികരോഗിയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതായും മാതാപിതാക്കൾ പരാതിപ്പെട്ടു.

മലപ്പുറം മങ്കടയിൽ രണ്ട് സഹോദരിമാരെയും അരീക്കോട്ടെ പന്ത്രണ്ടുകാരിയെയും പീഡിപ്പിച്ച കേസുകൾ എഴുതിത്തള്ളാൻ പൊലീസ് ശ്രമിച്ചെങ്കിലും ഐ.ജി എം.ആർ. അജിത്കുമാർ പുനരന്വേഷണത്തിന് ഉത്തരവിട്ടതോടെ പ്രതികൾ അകത്തായി.

കേസ് അട്ടിമറിക്കുന്നത് ഇങ്ങനെ

1) വിവരമറിഞ്ഞ് 24 മണിക്കൂറിനകം കേസെടുക്കണമെന്നാണ് നിയമമെങ്കിലും കേസ് രജിസ്റ്റർ ചെയ്യ‍ാതെ ഒത്തുതീർപ്പാക്കാൻ ശ്രമിക്കും

2)സ്റ്റേഷനിൽ വിളിച്ചുവരുത്തി മാരത്തോൺ മൊഴിയെടുക്കൽ. സ്റ്റേഷനിൽ വിളിച്ചുവരുത്താതെ വീട്ടിലെത്തി മൊഴിയെടുക്കണമെന്നാണ് നിയമം, അതും ഒരു തവണമാത്രം

3) വനിതാ എസ്.ഐ മൊഴിയെടുക്കേണ്ടിടത്ത് പുരുഷ പൊലീസുകാരാണ് മൊഴിയെടുക്കുന്നത്.

4) നിസാരവകുപ്പുകൾ ചുമത്തുന്നതിന് പുറമെ വൈദ്യപരിശോധനയ്ക്ക് കുട്ടി വിസമ്മതിച്ചെന്ന് രേഖയുണ്ടാക്കി കേസ് ദുർബലമാക്കും.

വകുപ്പും ശിക്ഷയും

കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയാനുള്ള നിയമത്തിൽ (പ്രൊട്ടക്‌ഷൻ ഒഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ ഒഫൻസസ്- പോക്സോ) കുറഞ്ഞത് 3 വർഷം മുതൽ ജീവപര്യന്തംവരെ തടവുശിക്ഷയും, ഇരയ്ക്കു മരണം സംഭവിച്ചാൽ വധശിക്ഷയും കിട്ടും.

13,282 - പോക്സോ കേസുകളാണ് സംസ്ഥാനത്തുള്ളത്

1156 - ഇക്കൊല്ലം ആദ്യ നാലുമാസത്തെ കേസുകൾ

1370 - കേസുകളിൽ ഫോറൻസിക് റിപ്പോർട്ട് കിട്ടിയിട്ടില്ല

''വാളയാർ കേസിൽ അപ്പീൽ സാദ്ധ്യത സർക്കാർ പരിശോധിക്കും. പൊലീസിന് വീഴ്ചയുണ്ടായെങ്കിൽ നടപടിയെടുക്കും.''

മന്ത്രി എ.കെ. ബാലൻ