njattadi

മുടപുരം: കാലവർഷം കലിതുള്ളി എത്തിയതോടെ മുടപുരത്തെ കർഷകർ ദുരിതത്തിലായി. ഒരുലക്ഷം രൂപയിലേറെ നഷ്ടം സംഭവിച്ചു. മുടപുരം ഏലായിൽ 10 ഹെക്ടറിലാണ് കർഷകർ നെൽകൃഷി ചെയ്യുന്നത്. രണ്ടാംവിള കൃഷിയിറക്കുന്നതിനായി കൃഷിഭവനിൽ നിന്നു സൗജന്യമായി ലഭിച്ച ഉമ എന്ന നെൽവിത്ത് ഞാറ്റടികളിൽ പാകിയിരുന്നു. തുലാമാസം ഒന്നാം തീയതി മുതലാണ് കർഷകർ ഞാറ്റടിയിൽ വിത്ത് പാകിയിരുന്നത്. എന്നാൽ തുടർച്ചയായ മഴമൂലം ഞാറ്റടികളിൽ വെള്ളം കെട്ടി നിന്ന് പാകിയ വിത്തിൽ പകുതിയും മുളയ്ക്കാതെ നശിക്കുകയായിരുന്നു. അതിനാൽ കൃഷിഭവനിൽ നിന്ന് വീണ്ടും നെൽവിത്ത് ലഭിച്ചാൽ മാത്രമേ വീണ്ടും കൃഷിയിറക്കാനാകൂ. തുലാ മാസം മുപ്പത്തിനകം ഞാറു വലിച്ച് കൃഷിയിറക്കേണ്ടതാണ്.

എന്നാൽ ഞാറ്റടി ഭാഗീകമായി നശിച്ചതിനാൽ സമയത്ത് കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. ഒന്നാംവിള നെല്ല് കൊയ്ത്ത് വേളയിൽ അധിവർഷം മൂലം നെൽപ്പാടത്ത് വെള്ളം കെട്ടിനിന്നതിനാൽ മികച്ചരീതിയിൽ കൊയ്തെടുക്കാൻ കർഷകർക്കായില്ല. കൊയ്തെടുത്തവർക്ക് വയ്ക്കോൽ നഷ്ടമായി. ഈ ഇനത്തിൽ കർഷകർക്ക് ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകർ പറഞ്ഞു. ഞാറ്റടി ഭാഗീകമായി നശിച്ചതിനാൽ സൗജന്യമായി വിത്ത് ലഭിക്കുമെങ്കിലും ജോലിക്കൂലി ഇനത്തിൽ പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകർ പറഞ്ഞു.