നെയ്യാറ്റിൻകര : നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നു ദിവസങ്ങളിലായി നടന്ന ജില്ലാ സ്കൂൾ ശാസ്ത്രമേള സമാപിച്ചു. ഉപജില്ലാതലത്തിൽ ശാസ്ത്രമേളയിൽ കിളിമാനൂരും പ്രവൃത്തിപരിചയ മേളയിൽ ആറ്റിങ്ങലും ഓവറോൾ ചാമ്പ്യന്മാരായി. ഗണിതം, സാമൂഹികശാസ്ത്രം എന്നിവയിലും ആറ്റിങ്ങൽ ഉപജില്ലയ്ക്കാണ് ഒന്നാംസ്ഥാനം. ശാസ്ത്രമേളയിൽ കിളിമാനൂർ ഉപജില്ല ഓവറോൾ ചാമ്പ്യനായപ്പോൾ തിരുവനന്തപുരം നോർത്ത് രണ്ടാം സ്ഥാനത്തെത്തി. ശാസ്ത്രമേള ഹൈസ്കൂൾ വിഭാഗത്തിൽ കിളിമാനൂരും എച്ച്.എസ്.എസ്./വി.എച്ച്.എസ്.എസ്. വിഭാഗത്തിൽ തിരുവനന്തപുരം നോർത്തും ഒന്നാംസ്ഥാനത്തെത്തി. ശാസ്ത്രമേളയിൽ എച്ച്.എസ്. വിഭാഗത്തിൽ വിതുര ഗവ. വി. എച്ച്.എസ്.എസും എച്ച്.എസ്.എസ്. വിഭാഗത്തിൽ വെള്ളറട വി.പി.എം.എച്ച്.എസ്.എസും ഒന്നാംസ്ഥാനം നേടി.

പ്രവൃത്തിപരിചയ മേളയിൽ ആറ്റിങ്ങൽ ഉപജില്ല ഒന്നാം സ്ഥാനത്തും കിളിമാനൂർ ഉപജില്ല രണ്ടാംസ്ഥാനത്തുമെത്തി. ഈ വിഭാഗത്തിൽ ആറ്റിങ്ങൽ ഗവ. ഗേൾസ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂളിനാണ്. എച്ച്.എസ്. വിഭാഗത്തിൽ കിളിമാനൂർ ഒന്നാം സ്ഥാനവും ആറ്റിങ്ങൽ ഉപജില്ല രണ്ടാം സ്ഥാനവും നേടി. എച്ച്.എസ്.എസ്. വിഭാഗത്തിൽ ആറ്റിങ്ങൽ ഒന്നാം സ്ഥാനത്തും കിളിമാനൂർ രണ്ടാംസ്ഥാനത്തുമെത്തി.

ഗണിത ശാസ്ത്രമേളയിൽ ആറ്റിങ്ങൽ ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി. രണ്ടാംസ്ഥാനം നെയ്യാറ്റിൻകര ഉപജില്ല കരസ്ഥമാക്കി. സ്കൂളുകളിൽ കടുവായിൽ ജെ.ടി.സി.ടി. ഇ.എം.എച്ച്.എസ്.എസ്. ഓവറാൾ ചാമ്പ്യന്മാരായി. മാരായമുട്ടം ഗവ. എച്ച്.എസ്.എസ്. രണ്ടാംസ്ഥാനവും കല്ലറ ഗവ.വി.എച്ച്.എസ്.എസ്. മൂന്നാംസ്ഥാനവും കരസ്ഥമാക്കി. എച്ച്.എസ്. വിഭാഗത്തിൽ ആറ്റിങ്ങലും പാലോട് ഉപജില്ലയും ഒന്നാംസ്ഥാനം പങ്കിട്ടു. ഹയർ സെക്കൻഡറിയിൽ നെയ്യാറ്റിൻകര ഉപജില്ല ഒന്നാമതെത്തി. സാമൂഹിക ശാസ്ത്രമേളയിൽ ആറ്റിങ്ങൽ ഉപജില്ല ഓവറാൾ ചാമ്പ്യന്മാരായി. തിരുവനന്തപുരം സൗത്ത് രണ്ടാം സ്ഥാനത്തെത്തി. സ്കൂളുകളിൽ നെല്ലിമൂട് ന്യൂ ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. കോട്ടൺഹിൽ സ്കൂൾ രണ്ടാംസ്ഥാനം നേടി. ഐ.ടി മേളയിൽ ഞെക്കാട് ഗവ. വി.എച്ച്.എസ്.എസ്. ഒന്നാംസ്ഥാനം നേടി. സമാപന സമ്മേളനം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.