കിളിമാനൂർ: ടെലിവിഷനിലും ,ചിത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള നിയമസഭാ മന്ദിരവും, സഭാ ഹാളും കുട്ടികൾ അദ്ഭുതത്തോടും തെല്ല് ആശങ്കയോടുമാണ് നോക്കിക്കണ്ടത്.ഇതിനിടെ നിരവധി ചോദ്യങ്ങളുമുയർന്നു.
.കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ എത്തിയത്.സ്കൂൾ പ്രിൻസിപ്പൽ മോഹൻ വാലഞ്ചേരിക്ക് മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന പുരസ്കാരം നേടിയതിനെ തുടർന്ന് അദ്ദേഹത്തിന് ബി.സത്യൻ എം.എൽ.എ ഒരുക്കിയ വേറിട്ടൊരു ആദരവായിരുന്നു പരിപാടി.
കുട്ടികൾക്ക് വ്യക്തിത്വ വികാസം, വായന ശീലം, പുസ്തക പരിചയം എന്നിവ ലക്ഷ്യമാക്കിയുള്ളതായിരുന്നു പരിപാടിയുടെ ലക്ഷ്യം. അൻപത് കുട്ടികളും അദ്ധ്യാപകരും നിയമസഭാ മന്ദിരത്തിൽ എത്തിയപ്പോൾ അവരെ സ്വീകരിക്കാൻ എം.എൽ.എ.യും എത്തിയിരുന്നു. ലൈബ്രറി, മ്യൂസിയം, എന്നിവയുടെ വിവരണങ്ങളൊക്കെ നടത്തി എം.എൽ.എ.യോടൊപ്പം സഭാ ഹാളിൽ എത്തിയപ്പോൾ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ,വി.എസ് എന്നിവരുടെ ഇരിപ്പിടങ്ങൾ കാണിക്കണമെന്നായിരുന്നു എം.എൽ.എയോടുള്ള കുട്ടികളുടെ ആവശ്യം. എല്ലാം പറഞ്ഞും വിവരിച്ചും കൊടുത്ത ശേഷം പുരസ്കാര ജേതാവിന് എം.എൽ.എ യുടെ വകയായി രവിവർമ്മ ചിത്രവും സമ്മാനിച്ചാണ് മടക്കിയത്..
നിയമസഭാ സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ, ചീഫ് ലൈബ്രേറിയൻ മേരി ലീല, സ്പീക്കറുടെ സെക്രട്ടറി ജോസ്, അദ്ധ്യാപകരായ ഷിജു, സുധിൻ, ആദിത എന്നിവരും കൂടെയുണ്ടായിരുന്നു.