2

വിഴിഞ്ഞം: കോവളം -മുക്കോല ബൈപ്പാസിന്റെ കല്ലുവെട്ടാൻ കുഴിഭാഗത്ത് ബൈക്ക് റൈസിംഗ് നടത്തിയ സംഘം പിടിയിൽ. ബൈക്ക് റൈസിംഗിനെത്തിയ 22 ബൈക്കുകളാണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ ഭാഗങ്ങളിൽ ബൈക്ക് റൈസിംഗ് സംഘങ്ങൾ സജീവമാണെന്ന് വ്യാപക പരാതിയെ തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് ബൈക്കുകളിലെത്തിയ 22 യുവാക്കളും പിടിയിലായത്. ഇവരെ സ്റ്റേഷൻ ജ്യാമ്യത്തിൽ വിട്ടയച്ചു. ബുള്ളറ്റുകൾ ഉൾപ്പെടെ വിവിധ തരം ആഡംബര ബൈക്കുകളാണ് റൈസിംഗിനായി ഉപയോഗിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ വാട്സാപ് ഗ്രുപ്പുകൾ വഴി ബന്ധപ്പെട്ടാണ് റൈസിംഗിനായി എത്തുന്നത്. കോവളം- വിഴിഞ്ഞം പൊലീസ് അതിർത്തികളിൽ വരുന്ന റോഡിലാണ് ബൈക്കുകളുടെ അഭ്യാസപ്രകടനമെന്നും പൊലീസ് പട്രോളിംഗ് കാര്യക്ഷമമാകുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടിരുന്നു. വിഴിഞ്ഞം പൊലീസ് ഇൻസ്പെക്ടർ എസ്.ബി. പ്രവീണിന്റെ നേതൃത്വത്തിൽ എസ് .ഐ.സജി .എസ്.എസ്, സി.പി.ഒമാരായ അജി, കൃഷ്ണകുമാർ, ജോസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. യുവാക്കൾക്കെതിരെ കേസെടുത്തെന്നും പരിശോധന തുടരുമെന്നും വിഴിഞ്ഞം എസ്.ഐ അറിയിച്ചു.

സായാഹ്ന സവാരിക്കാർ ഉൾപ്പെടെയുള്ളവർ ഭീതിയിൽ.

നാലുവരിപ്പാതയുടെ പണി നടക്കുന്നതിനാൽ കോവളം മുതൽ മുക്കോലയിലേക്ക് പോകുന്ന റോഡിൽ ഗതാഗതം തടഞ്ഞിട്ടുണ്ട്. എന്നാൽ ഇവ വകവയ്ക്കാതെ ഇരുചക്രവാഹനങ്ങൾ ഈ റോഡിലൂടെ ചീറി പായുകയാണ്. ഗതാഗതം തടഞ്ഞിരിക്കുന്നതിനാൽ മറ്റ് വാഹനങ്ങൾ ഇതുവഴി വരാറില്ല. ഇക്കാരണത്താൽ കൊച്ചു കുട്ടികൾ ഉൾപ്പെടെ ഈ റോഡിൽ കളിക്കുന്നത് പതിവാണ്. അതിനിടെയാണ് ബൈക്ക് റൈസിംഗ് സംഘങ്ങളുടെ അഭ്യാസപ്രകടനം. സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി പേർ ഇവിടെ സായാഹ്നസവാരിക്കായി എത്തുന്നുണ്ട്. എന്നാൽ ഇവർ ഇപ്പോൾ ബൈക്ക് റൈസിംഗ് സംഘങ്ങളെ പേടിച്ച് എത്താറുമില്ല.