തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ നേടിയെടുത്ത വീര്യം ഉപതിരഞ്ഞെടുപ്പിൽ ചോർന്ന് പോയതിന്റെ ക്ഷീണവുമായി പ്രതിപക്ഷം. അംഗസംഖ്യ 91ൽ നിന്ന് 93ആയി ഉയർത്തിയതിന്റെ ഉന്മേഷവുമായി ഭരണപക്ഷം..കഴിഞ്ഞ സമ്മേളനകാലത്തേതിൽ നിന്ന് കീഴ്മേൽ മറിഞ്ഞ കാഴ്ചയുമായാണ് നിയമസഭാ സമ്മേളനം നാളെ ആരംഭിക്കുന്നത്.
പുതുതായെത്തിയ അഞ്ച് അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 9ന് നടക്കും..പാലാ അംഗം മാണി സി.കാപ്പൻ നേരത്തേ സത്യപ്രതിജ്ഞ ചെയ്തു. പൂർണ്ണമായും നിയമനിർമ്മാണം ലക്ഷ്യമാക്കിയുള്ള സഭാസമ്മേളനം 16 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും മറ്റ് ചില പ്രധാന ബില്ലുകളും പരിഗണിക്കും. ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ അനുരണനങ്ങൾ തന്നെയാവും ചർച്ചകളിൽ നിറയുക. ആറ് ഉപതിരഞ്ഞെടുപ്പുകൾ ആത്യന്തികമായി യു.ഡി.എഫിന് നഷ്ടക്കച്ചവടമായെങ്കിലും അത് മറച്ചുവയ്ക്കാനുള്ള കഠിനശ്രമം അവർ നടത്തും. ഇടതിന്റെ സിറ്റിംഗ് സീറ്റായ അരൂർ പിടിച്ചെടുത്തത് കാട്ടി ഭരണപക്ഷത്തെ കുത്താനും ശ്രമിക്കും. സിറ്റിംഗ് സീറ്റ് ഒന്നായിരുന്നത്, ഉപതിരഞ്ഞെടുപ്പിൽ മൂന്നായി ഉയർന്നതിന്റെ ആഹ്ലാദത്തോടെ പ്രതിപക്ഷത്തെ നോവിക്കാൻ ഭരണപക്ഷവും ശ്രമിക്കും.
മാർക്ക്ദാനം, യൂണിവേഴ്സിറ്റി കോളേജ് സംഭവം, പരീക്ഷാ ക്രമക്കേട് തുടങ്ങി ഏറിയകൂറും ഉന്നത വിദ്യാഭ്യാസ വകുപ്പിനെ കേന്ദ്രീകരിച്ചുള്ളതാവും പ്രതിപക്ഷത്തിന്റെ ആക്രമണം. നന്നായി വിയർപ്പൊഴുക്കേണ്ടി വരുന്നത് മന്ത്രി കെ.ടി. ജലീൽ തന്നെയാവും. എന്നാൽ പാലാരിവട്ടം പാലം അഴിമതി ആരോപണത്തിന്റെ വാൾ എടുത്തുവീശി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനാവും ഭരണപക്ഷത്തിന്റെ ശ്രമം. നവംബർ 21 വരെയാണ് സമ്മേളനം. കേരളപ്പിറവിദിനമായ വെള്ളിയാഴ്ച ഗാന്ധിജിയുടെ 150ാം ജന്മവാർഷികം പ്രമാണിച്ചുള്ള പ്രത്യേക അനുസ്മരണ സമ്മേളനം നടത്തും.