vs-achuthanandan

തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലുള്ള ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് വെള്ളിയാഴ്‌ച സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വി.എസിനെ ഇന്നലെ രാവിലെയാണ് ശ്രീചിത്രയിലേക്ക് മാറ്റിയത്. പരിശോധനയിൽ തലച്ചോറിൽ നേരിയ രക്തസ്രാവമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. നാഡീവ്യൂഹങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അധികൃതർ പ്രത്യേക മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. അടുത്ത കുടുംബാംഗങ്ങൾ ഒപ്പമുണ്ട്.

ന്യൂറോളജി, ന്യൂറോ സർജറി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് വി.എസിനെ ചികിത്സിക്കുന്നത്. വി.എസിന്റെ അടുത്ത മൂന്ന് ദിവസങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കിയതായി ഭരണപരിഷ്കാര കമ്മിഷൻ അറിയിച്ചു.