koodathil

തിരുവനന്തപുരം: കോഴിക്കോട് താമരശേരി കൂടത്തായിയിൽ സയനൈഡ് നൽകി ആറുപേരെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം തുടരവേ, തലസ്ഥാനത്ത് കരമനയിൽ ഒരു കുടുംബത്തിലെ ഏഴുപേരുടെ ദുരൂഹമരണത്തിനു പിന്നിലെ നിഗൂഢതകൾ തേടി പൊലീസ്.കൂടത്തായി കേസിലേതു പോലെ, വ്യാജ വിൽപ്പത്രമുണ്ടാക്കി 30 കോടിയിലധികം രൂപ വിലവരുന്ന ഭൂസ്വത്തുക്കൾ കാര്യസ്ഥൻ തട്ടിയെടുത്തെന്ന പരാതിയിലാണ് അന്വേഷണം.

കരമന കാലടി ഉമാമന്ദിരത്തിൽ ഗോപിനാഥൻ നായർ, ഭാര്യ സുമുഖി അമ്മ, മക്കൾ ജയശ്രീ, ജയബാലകൃഷ്‌ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജ്യേഷ്‌ഠൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണിക്കഷ്‌ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരൻ നാരായണ പിള്ളയുട മകൻ ജയമാധവൻ നായർ എന്നിവരാണ് 1991 മുതൽ 2017 വരെ 26 വർഷത്തിനിടെ പല കാലത്തായി മരണമടഞ്ഞത്. 1998 ൽ ഗോപിനാഥൻ നായരുടെ മരണംതൊട്ടുള്ള സംഭവപരമ്പരകളിലാണ് സംശയം.

ഗോപിനാഥൻനായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണിക്കൃഷ്ണൻ നായരുടെ ഭാര്യ പ്രസന്നകുമാരി,​ പൊതുപ്രവർത്തകനായ അനിൽകുമാർ എന്നിവർ മുഖ്യമന്ത്രിക്ക് വെവ്വേറെ നൽകിയ പരാതിയിലാണ് ഉമാമന്ദിരത്തിലെ മരണങ്ങളിൽ ദുരൂഹത ആരോപിക്കപ്പെടുന്നത്.

സംശയം

പരമ്പരയിൽ ഏറ്റവും അവസാനം മരണമടഞ്ഞ ജയമാധവന്റെ കാര്യസ്ഥൻ കാലടി കോവിൽവിളാകം വീട്ടിൽ രവീന്ദ്രൻ നായർക്കു നേരെയാണ് സംശയത്തിന്റെ വിരൽമുന. 1998 ൽ മരിച്ച ഗോപിനാഥൻ നായരുടെ മകനാണ് 2017 ൽ മരണമടഞ്ഞ ജയമാധവൻ. ഇയാളായിരുന്നു സ്വത്തുക്കളുടെ മുഴുവൻ അവകാശി. ജയമാധവൻ മരിച്ചതിനു ശേഷം കാര്യസ്ഥൻ വ്യാജ വിൽപ്പത്രം ചമച്ച് കോടികളുടെ സ്വത്തുവകകൾ കൈക്കലാക്കിയെന്നാണ് സംശയം.

ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മിഷണർ എം.എസ്.സന്തോഷ് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് റിപ്പോർട്ട് നൽകി. തുടർന്ന് കരമന പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

പരാതി

കൂട്ടുകുടുംബമായി താമസിക്കുകയായിരുന്നു ഗോപിനാഥൻ നായരുടെ മക്കൾ. ആരും വിവാഹം കഴിച്ചിരുന്നില്ല.

സ്വത്ത് തട്ടിയെടുക്കാൻ ഗോപിനാഥൻ നായരുടെ മക്കളായ ജയപ്രകാശിനെയും ജയമാധവനെയും കാര്യസ്ഥനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തി.

പ്രതികൾ

പന്ത്രണ്ടു പേർക്കെതിരെയാണ് കേസ്. കാര്യസ്ഥൻ രവീന്ദ്രൻനായർ (51) , സഹായി സഹദേവൻ (58), മായാദേവി (75), ലതാദേവി (67), ശ്യാംകുമാർ (63), സരസാദേവി (57), സുലോചനാദേവി (56), വി.ടി.നായർ (55), ശങ്കരമേനോൻ (54), മോഹൻദാസ്, ലീല (73), രവീന്ദ്രന്റെ മകൻ അനിൽകുമാർ എന്നിവർ പ്രതികൾ. അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ച് എ.എസ്.പി ആരിഫ് മുഹമ്മദിന്.

കൊലപാതകമോ?​

ജയപ്രകാശ്, ജയമാധവൻ നായർ എന്നിവരുടെ മരണങ്ങളിലാണ് പ്രധാനമായും ദുരൂഹത. മരണം അടുത്തടുത്ത വർഷങ്ങളിൽ. കട്ടിലിൽ നിന്നു വീണോ, കട്ടിലിൽ തലയിടിച്ചോ ആണ് മരണമെന്നാണ് ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചിരുന്നത്. രണ്ടും മരണങ്ങളും കൊലപാതകമെന്ന് നാട്ടുകാർ. അന്വേഷണം ഈ മരണങ്ങൾ കേന്ദ്രീകരിച്ച്.

ദുരൂഹം: ഡി.ജി.പി ബെഹറ

കൂടത്തിൽ മരണ പരമ്പരയിൽ ദുരൂഹത ഏറെയാണ്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നു. കൊലപാതകമാണോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ല. കോഴിക്കോട് കൂടത്തായി കേസുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ടതില്ല.

ദുരൂഹതയില്ല: രവീന്ദ്രൻ നായർ

ജയമാധവൻ നായരുടെ മരണത്തിൽ ഒരു ദുരൂഹതയുമില്ലെന്ന് കേസിൽ സംശയിക്കപ്പെടുന്ന കാര്യസ്ഥൻ രവീന്ദ്രൻ നായർ. അന്ന് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ജയമാധവന്റെ അവസാനകാലത്ത് പരിചരിക്കാൻ താനേ ഉണ്ടായിരുന്നുള്ളൂ. അന്നൊന്നും തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത്. ഇതിനെതിരെ മാനനഷ്ടക്കേസ് നൽകും. ജയമാധവൻ നായർ സ്വന്തം ഇഷ്ടപ്രകാരം സ്വത്ത് എഴുതി നൽകിയതാണ്.

19 വർഷം,​ 5 മരണങ്ങൾ

ഗോപിനാഥൻ നായർ - 1998

മകൻ ജയബാലക്യഷ്ണൻ- 2002

ഗോപിനാഥൻ നായരുടെ ഭാര്യ സുമുഖിയമ്മ -2008

മകൻ ജയപ്രകാശ് -2012

ഗോപിനാഥൻ നായരുടെ സഹോദരൻ നാരായണപിള്ളയുടെ മകൻ ജയമാധവൻ -2017