salary-commission

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും വേതനം പരിഷ്ക്കരിക്കുന്നതിനുള്ള പതിനൊന്നാം ശമ്പള കമ്മിഷൻ അടുത്തമാസം രൂപീകരിച്ചേക്കും.

വിരമിച്ച ജഡ്ജിമാരെ ഉൾപ്പെടുത്തി കമ്മിഷന് അന്തിമരൂപം നൽകുന്നതിനുള്ള ധനവകുപ്പിന്റെ നടപടികൾ അന്തിമഘട്ടത്തിലാണ്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് നിവേദനം നൽകാനെത്തിയ സർവ്വീസ് സംഘടനാ നേതാക്കളോട് കമ്മിഷൻ ഉടൻ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

പത്താം ശമ്പള കമ്മിഷന്റെ ശുപാർശകൾ പ്രകാരം വേതനം നൽകിയത്. 2014 ജൂലായിലാണ്. ശമ്പള പരിഷ്‌കരണം സമയബന്ധിതമായി നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. അതിനാൽ അടുത്ത സാമ്പത്തികവർഷം തന്നെ പതിനൊന്നാം കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കേണ്ടതുണ്ട്.

ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ പത്താം ശമ്പളക്കമ്മിഷൻ ശുപാർശകൾ നടപ്പാക്കിയപ്പോൾ അഞ്ച് വർഷത്തേക്ക് 7222 കോടിയുടെ അധിക ബാധ്യതയാണ് കണക്കുകൂട്ടിയത്.

പ്രളയവും സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും പരിഗണിച്ച് കൂടുതൽ ബാധ്യതയുണ്ടാക്കുന്ന ശമ്പള പരിഷ്കരണ ശുപാർശകൾ വേണ്ടെന്ന നിലപാടാണ് പൊതുവെയുള്ളത്. പത്ത് വർഷത്തിലൊരിക്കൽ ശമ്പളപരിഷ്ക്കരണം നടപ്പാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷന്റെ ശുപാർശ സർക്കാർ തള്ളിയിരുന്നു. എങ്കിലും, പത്ത് വർഷത്തിലൊരിക്കൽ നടപ്പാക്കുമ്പോഴുണ്ടാകുന്ന ബാധ്യത രണ്ട് ഘട്ടമായി കണക്കാക്കി അഞ്ച് വർഷത്തിലൊരിക്കൽ നടപ്പാക്കണമെന്ന നിലപാടാണ് ധനകാര്യ വകുപ്പിനുള്ളത്.