udf

തിരുവനന്തപുരം: പാലായ്ക്ക് പിന്നാലെ വട്ടിയൂർക്കാവും കോന്നിയും നഷ്ടമായതിന്റെ ഞെട്ടലിനിടെ, യു.ഡി.എഫ് ഏകോപനസമിതി യോഗം നാളെ ചേരും.

വട്ടിയൂർക്കാവ്, കോന്നി പരാജയവും എറണാകുളത്തെ വോട്ട് ചോർച്ചയും ചർച്ച ചെയ്യാൻ ഇന്ന് ചേരാനിരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം മാറ്റിവച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കണ്ണൂരിലായതും ദീപാവലി പ്രമാണിച്ച് മറ്റ് ചില നേതാക്കൾ അസൗകര്യം അറിയിച്ചതുമാണ് കാരണമായി പറയുന്നത്. എന്നാൽ, യു.ഡി.എഫ് യോഗത്തിന്റെ വികാരം കൂടി അറിഞ്ഞശേഷം രാഷ്ട്രീയകാര്യസമിതി ചേരാമെന്നാണ് വിലയിരുത്തലെന്ന് സൂചനയുണ്ട്.

പാലായിലെ തോൽവി ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം ചേർന്നിരുന്നില്ല. പാലാ വോട്ടെണ്ണലിന് മുമ്പ് മറ്റ് അഞ്ചിടത്തേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതാണ് കാരണം. കേരള കോൺഗ്രസ് ഗ്രൂപ്പുകളെ പഴിപറഞ്ഞാണ് പാലായിലെ തോൽവിയെ യു.ഡി.എഫ് നേതൃത്വം ലഘൂകരിക്കാൻ ശ്രമിച്ചിരുന്നത്.. പാലായുടെ പേരിൽ കേരള കോൺഗ്രസിനെ നിറുത്തിപ്പൊരിക്കാൻ തയ്യാറെടുത്ത് നിന്നിരുന്ന കോൺഗ്രസ് നേതൃത്വത്തിനാണ് വട്ടിയൂർക്കാവും കോന്നിയും ബൂമറാങ് ആയത്. പിന്നാലെ , കോൺഗ്രസിൽ വിഴുപ്പലക്കും ശക്തമായതോടെ, ഇനി കേരള കോൺഗ്രസ് ഗ്രൂപ്പുകളെ പഴി പറഞ്ഞിട്ട് കാര്യമില്ലെന്നായി നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം 21ആയി കുറഞ്ഞു. ലീഗ് 18 എന്ന നില തുടരുന്നു. മൂന്ന് അംഗങ്ങളുടെ വ്യത്യാസമേ ലീഗും കോൺഗ്രസും തമ്മിലുള്ളൂ.

ഘടകകക്ഷികളിൽ അതൃപ്തി പുകയുന്നു

കോൺഗ്രസിനകത്തെ ചേരിപ്പോരിൽ ഘടകകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു. മുസ്ലിംലീഗ് താക്കീതുമായി രംഗത്തെത്തിയതിന് പിന്നാലെ ആർ.എസ്.പിയും രംഗത്തുവന്നു. കേരള കോൺഗ്രസ്-ജേക്കബ് വിഭാഗത്തിനും ഇതേ വികാരമുണ്ട്.

ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെങ്കിലും സർക്കാരിനെതിരെ നിലപാട് കടുപ്പിക്കാനുള്ള തീരുമാനമാവും യു.ഡി.എഫ് യോഗത്തിലുണ്ടാവുക. വിശേഷിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒന്നര വർഷം മാത്രം ശേഷിക്കെ.

, ഉപതിരഞ്ഞെടുപ്പിന് ശേഷം പരസ്യപ്രസ്താവന കോൺഗ്രസ് നേതൃത്വം വിലക്കിയെങ്കിലും ഇന്നലെയും ഒളിഞ്ഞും തെളിഞ്ഞും വാക്പോര് തുടർന്നു. കോന്നിയിലെ തോൽവിക്ക് പത്തനംതിട്ട ഡി.സി.സിക്കെതിരെ രൂക്ഷവിമർശനവുമായി അടൂർ പ്രകാശ് എം.പി രംഗത്തെത്തി. ഇതിന് ഡി.സി.സി പ്രസിഡന്റ ബാബുജോർജിന്റെ മറുപടിയുമുണ്ടായി. എറണാകുളത്തെ വോട്ട് ചോർച്ചയ്ക്ക് പഴി കേൾക്കേണ്ടി വന്ന കൊച്ചി മേയർ സൗമിനി ജയനും വിമർശനവുമായി രംഗത്ത് വന്നു.