തിരുവനന്തപുരം: കാസർകോട് പെരിയയിൽ കൃപേഷിനേയും ശരത് ലാലിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ അപ്പീൽ നൽകിയ സംസ്ഥാന സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം കൂടുതൽ സി.പി.എം നേതാക്കളിലേക്ക് നീങ്ങുമെന്ന ഭയമാണ് തടസവാദത്തിന് പിന്നിൽ. കെ.എസ്.ആർ.ടി.സിയിലടക്കം ശമ്പളം നൽകാൻ പോലും കാശില്ലെന്ന് പറയുന്ന സർക്കാർ ഷുഹൈബിന്റെ കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം ഉണ്ടാകാതിരിക്കാൻ അരക്കോടിയിലേറെ രൂപ ചെലവഴിച്ചു. കൊലക്കേസ് പ്രതികളെ സംരക്ഷിക്കാനായി പ്രതിപക്ഷത്തിരിക്കുമ്പോൾ ബക്കറ്റ് പിരിവ് നടത്തുന്ന സി.പി.എം ഭരണത്തിലെത്തുമ്പോൾ പൊതുഖജനാവിലെ പണമാണ് ഉപയോഗിക്കുന്നത്. പെരിയ കൊലപാതകത്തിൽ പോസ്റ്റ് മോർട്ടം നടത്തിയ സർജന്റെ പോലും മൊഴിയെടുക്കാതെ അന്വേഷണത്തിൽ വീഴ്ച വരുത്തിയത് പ്രതിപട്ടികയിൽ സി.പി.എം ആയതുകൊണ്ടാണ്. പ്രതികളുടെ ബന്ധുക്കളെയാണ് സാക്ഷികളാക്കിയിരിക്കുന്നത്. കുറ്റപത്രത്തിലെ പാളിച്ചകൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് സിംഗിൾ ബഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അപ്പീൽ പിൻവലിച്ച് സി.ബി.ഐ അന്വേഷണം അനുവദിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.