ചർച്ചകൾ കേന്ദ്രീകരിക്കുന്നത് അഞ്ച് പേരുകളിൽ
തിരുവനന്തപുരം: പി.എസ്. ശ്രീധരൻ പിള്ള മിസോറം ഗവർണറായി നിയമിതനായതോടെ, സംസ്ഥാനത്ത് ബി.ജെ.പിയുടെ പുതിയ അദ്ധ്യക്ഷനെച്ചൊല്ലി ചർച്ചകളും അഭ്യൂഹങ്ങളും സജീവമായി. കഴിഞ്ഞ തവണ കുമ്മനത്തിന്റെ പിൻഗാമിയെ തീരുമാനിക്കാനെടുത്ത കാലതാമസം ഇക്കുറി ഉണ്ടാകില്ലെന്നാണ് സൂചന.
സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരിനാണ് ചർച്ചകളിൽ മുൻതൂക്കം. ബി.ജെ.പി ദേശീയ പ്രചാരണ കമ്മിറ്റി സഹ കൺവീനർ കൂടിയായ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ പേരും സജീവമാണ്. സാദ്ധ്യതാപട്ടികയിലെ മറ്റൊരു പ്രമുഖൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശാണ്. തർക്കം മുറുകിയാൽ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയെന്ന നിലയിൽ മുൻ സംസ്ഥാന അദ്ധ്യക്ഷന്മാരായ പി.കെ. കൃഷ്ണദാസിന്റെയും കുമ്മനം രാജശേഖരന്റെയും പേരുകളും കേൾക്കുന്നുണ്ട്. ഇതിൽ കൃഷ്ണദാസിന് മുൻതൂക്കമുണ്ട്. ആർ.എസ്.എസ് നിലപാടാകും നിർണ്ണായകം.
. സംസ്ഥാന പാർട്ടിയിൽ കെ. സുരേന്ദ്രന്റെ സ്വീകാര്യതയും ഏറ്റവുമൊടുവിൽ കോന്നി ഉപതിരഞ്ഞെടുപ്പിൽ നാല്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടിയതുമാണ് അദ്ദേഹത്തിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നത്. ദേശീയനേതൃത്വത്തിനും താല്പര്യമുണ്ട്. ശോഭാ സുരേന്ദ്രനും ദേശീയനേതൃത്വത്തിനിടയിൽ സ്വീകാര്യതയുണ്ട്. പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ കേരളത്തിൽ നിന്നുള്ള ഏക വനിതയാണ്. .
കഴിഞ്ഞ തവണയും ശക്തമായി ഉയർന്നു കേട്ടത് കെ.സുരേന്ദ്രന്റെ പേരാണ്. . കൃഷ്ണദാസ് വിഭാഗം എം.ടി. രമേശിനായി ശക്തമായി നിലയുറപ്പിച്ചതോടെ തർക്കം മുറുകുകയും ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായി ശ്രീധരൻപിള്ള വരുകയുമായിരുന്നു. ദേശീയ നേതൃത്വം സംസ്ഥാന ആർ.എസ്.എസ് നേതൃത്വവുമായി ചർച്ച നടത്തി അടുത്തയാഴ്ച തീരുമാനം പ്രഖ്യാപിച്ചേക്കും. .