tvm

തിരുവനന്തപുരം : വി.കെ.പ്രശാന്ത് രാജിവച്ച ഒഴിവിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനം സി.പി.എമ്മിൽ നിന്ന് മാറ്റാൻ തന്ത്രം മെനഞ്ഞ് പ്രതിപക്ഷ കക്ഷികൾ. പൊതുസമ്മതനെ കളത്തിലിറക്കി പിന്തുണയ്ക്കാനാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും തീരുമാനം. എന്നാൽ സ്ഥാനാർത്ഥി ആരായിരിക്കണമെന്ന കാര്യത്തിൽ അന്തിമധാരണയായിട്ടില്ല. പാർട്ടി ചിഹ്നത്തിൽ അല്ലാതെ മത്സരിച്ച് ജയിച്ച കൗൺസിലറെ കണ്ടെത്തി മേയറാക്കുകയാണ് ലക്ഷ്യം.

ഇത്തരത്തിൽ ഒരു കൗൺസിലറെ കണ്ടെത്തുക എന്നത് ബി.ജെ.പിയും യു.ഡി.എഫും നേരിടുന്ന പ്രധാന വെല്ലുവിളി. പത്തോളം പേർ സ്വതന്ത്രരായാണ് ജയിച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ പൂർണമായും സ്വതന്ത്രയായി ജയിച്ച ഒരു കൗൺസിലർ മാത്രമാണുള്ളത്.
ശ്രീകാര്യത്ത് നിന്ന് ജയിച്ച ലതാകുമാരി .എൻ.എസ് മൂന്ന് മുന്നണികൾക്കും എതിരെ മത്സരിച്ച് ജയിച്ച സ്വതന്ത്ര കൗൺസിലറാണ്. എന്നാൽ ലതാകുമാരി ഇപ്പോൾ എൽ.ഡി.എഫിനൊപ്പമാണ്. മറ്റുള്ളവരെല്ലാം യു.ഡി.എഫിന്റെയോ ബി.ജെ.പിയുടെയോ പിന്തുണയോടെ ജയിച്ചവരാണ്. എന്നാൽ ഔദ്യോഗിക ചിഹ്നത്തിൽ മത്സരിക്കാത്തതിനാൽ സ്വതന്ത്രരായും കാണാം എന്നാണ് നേതാക്കളുടെ വാദം.
യു.ഡി.എഫിന്റെ ഘടകകക്ഷിയായ സി.എം.പിയുടെ പ്രതിനിധിയായി മത്സരിച്ച ആക്കുളം കൗൺസിലറായ വി.ആർ.സിനിയുടെ പേരിനാണ് മുൻതൂക്കം. ബി.ജെ.പി പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ഫോർട്ട് വാർഡ് കൗൺസിലറായ ആർ.സുരേഷാണ് രണ്ടാമൻ. എന്നാൽ ഇരു വിഭാഗത്തിനും അംഗീകരിക്കാവുന്ന ഒരാളെയേ പൊതു സ്വതന്ത്ര സ്ഥനാർത്ഥിയാക്കാനാവൂ. പൊതു സ്വതന്ത്രനെന്നതിനെക്കുറച്ച് ജില്ലാ കോൺഗ്രസ് നേതൃത്വവും ബി.ജെ.പി ജില്ലാ കമ്മിറ്റിയും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.

മേയർ സ്ഥാനം ഉറപ്പിക്കാൻ സി.പി.എം

സി.പി.എമ്മിന്റെ ജില്ലാ കമ്മറ്റി യോഗം തിങ്കളാഴ്ച ചേരും. മേയർ സ്ഥനാർത്ഥിയെക്കുറിച്ചുള്ള തീരുമാനം കമ്മിറ്റിയിലുണ്ടായേക്കും. മേയ‌ർ സ്ഥാനം സി.പി.എമ്മിനായതിനാൽ ജില്ലാ കമ്മിറ്റി അന്തിമ ലിസ്റ്റ് തയ്യാറാക്കിയ ശേഷം തുടർന്ന് ഇടതുപക്ഷ മുന്നണി യോഗത്തിൽ അവതരിപ്പിക്കും. നിലവിൽ നാല് പേരുകളാണ് സജീവ പരിഗണനയിലുള്ളത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ശ്രീകുമാർ, വഞ്ചിയൂർ ബാബു, എസ്.പുഷ്പലത, എസ്.എസ്.സിന്ധു എന്നിവരാണ് പരിഗണനയിൽ. പ്രതിപക്ഷ കക്ഷികളെ അനുനയിപ്പിച്ച് കൊണ്ടുപോകാൻ കഴിയുന്നവർക്കാവും മുൻഗണന.