prasannakumari

തിരുവനന്തപുരം: കൂടത്തിൽ മരണ പരമ്പരയിലെ ഒടുവിലത്തേത് 2017ഏപ്രിൽ രണ്ടിന് ജയമാധവൻ നായരുടേതാണ്. വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് സംശയമെന്നും മരണങ്ങൾ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ബന്ധു പ്രസന്നകുമാരി പൊലീസിലും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിൽ പറയുന്നു. മരണം നടക്കുമ്പോൾ കാര്യസ്ഥൻ രവീന്ദ്രൻനായർ മാത്രമാണിവിടെ ഉണ്ടായിരുന്നത്.

പരാതി ഇങ്ങിനെ:

ഗോപിനാഥൻ നായരുടെ മക്കളോ ജയമാധവൻ നായരോ വിവാഹം ചെയ്തിട്ടില്ല. കോടതി ജീവനക്കാരൻ രവീന്ദ്രൻ നായർ 2000 മുതൽ വീട്ടുകാര്യങ്ങൾ നിയന്ത്രിക്കുന്നയാളാണ്. പരാതിയിൽ ചൂണ്ടിക്കാട്ടുന്ന രണ്ടാമത്തെയാൾ കാലടി മുടുമ്പിൽ വീട്ടിൽ സഹദേവൻ (58) ഉമാമന്ദിരത്തിലെ മുൻ കാര്യസ്ഥനും വീട്ടിലെ എല്ലാ രഹസ്യങ്ങളും അറിയുന്നയാളുമാണ്. 2008ൽ സുമുഖി അമ്മയുടെ മരണത്തോടെ വീട്ടിൽ ജയമാധവൻ നായരും ജയപ്രകാശും മാത്രമായി. ഇവർ മാനസിക അസ്വാസ്ഥ്യത്തിന് വഴുതക്കാട്ടെ ഡോ.സുഭാഷിന്റെ ചികിത്സയിലായിരുന്നു.

2012 സെപ്തംബർ17ന് ജയപ്രകാശ് പെട്ടെന്ന് മരിച്ചു. മെഡിക്കൽ കോളേജിലെത്തിച്ച് മരണം സ്ഥിരീകരിച്ച രവീന്ദ്രൻനായരാണ് മരണാനന്തര കർമ്മങ്ങൾ നടത്തിയത്. ഈ സമയത്ത് വസ്തുക്കളുടെ ആധാരങ്ങളും സ്വർണവും കോടിക്കണക്കിന് രൂപയും രവീന്ദ്രൻ മോഷ്ടിച്ചു. മാനസികാരോഗ്യ ചികിത്സ നേടിയതിന്റെ രേഖകൾ കത്തിച്ചുകളഞ്ഞു. മരണാനന്തര ചടങ്ങുകൾക്ക് വന്ന ബന്ധുക്കൾ രവീന്ദ്രനുമായും സഹദേവനുമായും വഴക്കിട്ടു. പിന്നീട് ഇവർ ചേർന്ന് തിരുവനന്തപുരം സബ് കോടതിയിൽ സിവിൽ കേസ് നൽകി. തന്നെ പവർ ഒഫ് അറ്റോർണിയാക്കുകയും നിരവധി രേഖകളിൽ ഭീഷണിപ്പെടുത്തി ഒപ്പിട്ടു വാങ്ങുകയും ചെയ്തു. കോടതി ഉദ്യോഗസ്ഥനായ രവീന്ദ്രൻ തന്ത്രപൂർവം സ്വത്തുക്കൾ കൈക്കലാക്കുകയായിരുന്നു.
ജയപ്രകാശിന്റെ മരണത്തിലെ ദുരൂഹത പുറത്തുപറയാതിരിക്കാൻ വീട്ടുജോലിക്കാരിയായ ലീലയ്ക്ക് 25ലക്ഷം രൂപ നൽകി. ഇവർ ഈ തുകയുപയോഗിച്ച് വീടും വസ്തുവും വാങ്ങി. സഹദേവന് 5 ലക്ഷം നൽകി. 2016 ഫെബ്രുവരി 15ന് ജയമാധവൻനായരുടെ പേരിൽ വ്യാജ വിൽപ്പത്രം തയ്യാറാക്കി സ്വത്തുക്കൾ രവീന്ദ്രൻ കൈക്കലാക്കി.