mohan
ഡോ. മോഹൻ കുന്നുമ്മൽ

തിരുവനന്തപുരം: സർക്കാർ പട്ടികയിലെ ആദ്യ രണ്ടു പേരുകാരെ ഒഴിവാക്കി, ആരോഗ്യ സർവകലാശാലാ വൈസ്ചാൻസലറായി ഡോ. മോഹൻ കുന്നുമ്മലിനെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിയമിച്ചു. സർക്കാർ നൽകി ലിസ്റ്റിൽ ഒന്നാമതായിരുന്ന ഡോ. പ്രവീൺലാൽ, മുൻമുഖ്യമന്ത്റി സി. അച്യുതമേനോന്റെ മകൻ ഡോ. വി. രാമൻകുട്ടി എന്നിവരെയാണ് ഗവർണർ ഒഴിവാക്കിയത്. തൃശൂർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലാണ് പ്രവീൺ ലാൽ. പട്ടികയിലെ അവസാന പേരുകാരനായിരുന്നു ഡോ. മോഹൻകുന്നുമ്മൽ. വിസിയായിരുന്ന ഡോ.എം.കെ.സി നായരുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം.
ആരോഗ്യ സർവകലാശാല ഗവേണിംഗ് കൗൺസിൽ അംഗവും മെഡിസിൻ ഡീനുമായിരുന്ന ഡോ. കെ. മോഹനൻ (മോഹൻ കുന്നമേൽ) പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിലെ റേഡിയോ ഡയഗ്‌നോസിസ് വിഭാഗം മേധാവിയാണ്. തൃശൂർ മെഡിക്കൽ കോളേജ് റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ ദീർഘകാലം അധ്യാപകനായി പ്രവർത്തിച്ച ഡോ. മോഹനൻ, 2016ൽ മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിൽ പ്രിൻസിപ്പലായിരുന്നു. സെർച്ച് കമ്മി​റ്റി സമർപ്പിച്ച മൂന്നു പേരുടെ പട്ടികയിൽ നിന്ന് മെഡിക്കൽ വിദ്യാഭ്യാസ മുൻ ഡയറക്ടറും നിലവിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ പ്രഫസറുമായ ഡോ. പ്രവീൺലാൽ കു​റ്റിച്ചിറയെ വി.സിയായി നിയമിക്കുന്നതിനാണു താൽപര്യമെന്നു സർക്കാർ, രാജ്ഭവനെ അറിയിച്ചിരുന്നു. ഇതിനു പുറമെ ഡോ.വി. രാമൻകുട്ടിയുടെയും മൂന്നാംപേരായി മോഹനനേയും പാനലിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ മോഹനനെ വിസിയായി നിയമിച്ചുകൊണ്ടാണ് ഗവർണർ ഉത്തരവിറക്കിയത്. ഇന്ത്യൻ റേഡിയോജിക്കൽ ആൻഡ് ഇമേജിംഗ് അസോസിയേഷൻ പ്രസിഡന്റ്, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗം തുടങ്ങിയ പദവികൾ വഹിച്ച ഡോ. മോഹനൻ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ അംഗവുമാണ്. 2016ൽ സംസ്ഥാന സർക്കാറിന്റെ മികച്ച ഡോക്ടർക്കുള്ള പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.